പത്തനംതിട്ട: പ്രളയത്തിൽ നൂറോളം പേരെ രക്ഷിച്ചതിന് രാഹുൽഗാന്ധി വീട്ടിലെത്തി അഭിനന്ദിച്ചതിന്റെ പേരിൽ എഴിക്കാട് കോളനിയിലെ രഘുനാഥന് പഞ്ചായത്ത് ധനസഹായം നിഷേധിച്ചതായി ആക്ഷേപം. എൽഡിഎഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് കമ്മിറ്റി അവഗണിച്ച ആറൻമുള എഴിക്കാട് കോളനിയിലെ രഘുനാഥിന് വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ നൽകാൻ കോണ്‍ഗ്രസ് തീരുമാനം.
പ്രളയത്തിൽ അടിത്തറ താഴ്ന്ന് പിന്നിലേക്ക് ഇരുത്തിയ വീട് പുനർനിർമിക്കാൻ രഘുനാഥൻ കളക്ടറേറ്റിലും പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടും ധനസഹായം ലഭിച്ചില്ല.പ്രളയത്തേ തുടർന്ന് കേരളത്തിലെത്തിയ രാഹുൽഗാന്ധി എഴിക്കാട് കോളനി സന്ദർശിച്ചപ്പോൾ രഘുനാഥന്റെ വീട്ടിലെത്തുകയും പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കോളനിയിലെയും പരിസരത്തെയും നൂറോളം പേരെയാണ് രഘുനാഥൻ സ്വന്തം വള്ളത്തിൽ രക്ഷപെടുത്തിയത്. രാഹുലിന്റെ വരവിനു പിന്നാലെ രഘുനാഥൻ കോണ്‍ഗ്രസുകാരനാണെന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇതാണ് പഞ്ചായത്ത് ധനസഹായം നിഷേധിക്കാൻ കാരണമായതെന്നും പറയുന്നു.
വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ നൽകുമെന്ന് രഘുനാഥനെ സന്ദർശിച്ച ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. ഡിസിസി നേതൃത്വത്തിൽ പണം സമാഹരിക്കും. വിഷയം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി എം.എസ്.പ്രകാശ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് രാധാചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് പി.എം.ജേക്കബ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.