പയ്യന്നൂര്‍: ചിരകാല അഭിലാഷമായി നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടില്‍ അന്തുയുറങ്ങും മുമ്പേയുള്ള അന്ത്യയയാത്രയായി മാറി രഘുനാഥിന്റേത്. ഗൃഹപ്രവേശനത്തിനുള്ള ദിവസം തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കാങ്കോല്‍ എല്‍പി സ്കൂളിന് സമീപത്തെ തെക്കേടത്ത് പുതിയ വീട്ടില്‍ രഘുനാഥിനെ (45) മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്.
അമ്മയും സഹോദരിയും രഘുനാഥിന്റെ കുടുംബവും താമസിച്ചിരുന്ന തറവാട് വീട്ടിനടുത്ത് തന്നെയാണ് രഘുനാഥ് പുതിയ വീട് നിര്‍മിച്ചത്.തന്റെ സ്വപ്ന സാഫല്യമായ വീടിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയായിരുന്നു ഇദ്ദേഹം.രഘുനാഥിന്റെ കുടുംബത്തിന് ഊരാള സ്ഥാനമുള്ള കാങ്കോല്‍ കളരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തശേഷം രാത്രി ഡ്യൂട്ടിക്കായി തന്റെ ബുള്ളറ്റ് ബൈക്കില്‍ പയ്യന്നൂരിലേക്ക് വരവേയാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി 7.30ന് പെരുമ്പ സ്റ്റീക് ഹൗസ് ഹോട്ടലിനു സമീപമായിരുന്നു അപകടം. രഘുനാഥ് സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ലോറിയിടിച്ചായിരുന്നു അപകടം. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി കണ്ണൂരേക്ക് പോകുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നിന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് കാങ്കോലിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന് കാങ്കോല്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. പരേതനായ റിട്ട.കോടതി ജീവനക്കാരന് മഠത്തില്‍ കുപ്പാടക്കത്ത് കൃഷ്ണന് നമ്പ്യാരുടെയും പി.പി. തമ്പായിയുടെയും മകനാണ്. ഭാര്യ:സീമ (പാടിയോട്ടുചാല്‍ തിമിരി). മക്കള്‍:ഹര്‍ഷിത (വിദ്യാര്‍ഥിനി, കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍), കാര്‍ത്തിക് (ഇംഗ്ലീഷ് കള്‍ച്ചറല്‍ സ്കൂള്‍, കാങ്കോല്‍). സഹോദരങ്ങള്‍: ദീപ, രൂപ (അധ്യാപിക,കാസര്‍ഗോഡ്), സുരേഷ് (ഗള്‍ഫ്).