ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ കാവലാളായി നിലകൊണ്ട ആളായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്. അത്യന്തം സങ്കീര്‍ണ്ണമായ ജോലിയില്‍ നിന്നുള്ള വിരമിക്കലിന് ശേഷം രഘുറാം രാജന് ഇപ്പോള്‍ എന്തുചെയ്യുന്നു എന്നതിനേക്കുറിച്ച് അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നീക്കങ്ങളെ നിരീക്ഷിച്ചിരുന്നവര്ക്കെങ്കിലും ആകാംക്ഷയുണ്ടാവും. ശക്തമായ തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകിയ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഇപ്പോള്‍ ചിക്കാഗോയിലാണ്. സാമ്പത്തിക ശാസ്ത്രവും, ബിസിനസും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനം നല്കി തന്റെ പഴയ അധ്യാപക ജീവിതത്തിന്റെ രസകരമായ അനുഭവങ്ങളിലേക്ക് തിരിച്ചു വന്നതിന്റെ ആവേശത്തിലാണ് അദ്ദേഹമിപ്പോള്‍.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കാലാവധി കഴിഞ്ഞ് ചിക്കാഗോയിലേക്ക് തിരിച്ചെത്തിയ താന്‍ സന്തുഷ്ടനാണെന്ന് രഘുറാം രാജന് പറഞ്ഞു. 25 വര്‍ഷം ജീവിച്ച സിറ്റിയില്‍ തിരിച്ചെത്തി പഴയ വഴികളിലൂടെയുള്ള നടത്തവും സൈക്കിള്‍ സവാരിയുമൊക്കെ ആസ്വദിക്കുകയാണ് അദ്ദേഹം. മുഖ്യവിനോദമായ ഗവേഷണത്തിനും ഇപ്പോള്‍ ഏറെ സമയം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ആഴത്തിലുള്ള ഗവേഷണത്തിന് വളരെ അപൂര്‍വ്വമായി മാത്രമേ സമയം ലഭിക്കാറുള്ളുവെന്ന് അദ്ദേഹം പറയുന്നു.
ചിക്കാഗോ മനോഹരമായ നഗരമാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇവിടെയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചിക്കാഗോ സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായി ജോലി ചെയ്യുകയാണ് രഘുറാം രാജന് ഇപ്പോള്‍. ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ സാമ്പത്തിക ശാസ്ത്രജ്ഞരുടെ എതിര്‍പ്പിനും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിട്ടും, ഗവേഷണ വിഭാഗം തലവനായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.