ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ അധികമൂലധനം സർക്കാരിലേക്കു മാറ്റുന്നതു ബാങ്കിന്റെ റേറ്റിംഗിനെ ബാധിക്കുമെന്നു മുൻ ഗവർണർ ഡോ. രഘുറാം രാജൻ. ഇപ്പോൾ ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ട് റിസർവ് ബാങ്കിന്. റേറ്റിംഗ് താണാൽ വായ്പ എടുക്കുന്പോൾ കൂടുതൽ പലിശ നല്കേണ്ടിവരും. ഒരു ടിവി ചാനലിനു നല്കിയ ഇന്റർവ്യൂവിലാണു രാജന്റെ മുന്നറിയിപ്പ്.
ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ ആണ്. ഇതു നിക്ഷേപയോഗ്യമായ റേറ്റിംഗുകളിൽ ഏറ്റവും താണതാണ്. അതേസമയം, റിസർവ് ബാങ്കിന് ഏറ്റവും ഉയർന്ന റേറ്റിംഗ് ഉണ്ട്. ഇതു നിലനിർത്തേണ്ടത് ആവശ്യമാണ്. താൻ ഗവർണറായപ്പോൾ രൂപയുടെ വിലയിടിവ് തടയാൻ വലിയ ഡോളർ വായ്പ എടുക്കേണ്ടിവന്നു. അങ്ങനെയുള്ളപ്പോഴാണു റേറ്റിംഗിന്റെ പ്രാധാന്യം. ഉയർന്ന റേറ്റിംഗ് ഉണ്ടെങ്കിൽ പലിശനിരക്ക് കുറയും. വായ്പ എളുപ്പം ലഭിക്കുകയും ചെയ്യും. ഉയർന്ന റേറ്റിംഗിനു നല്ല ഭദ്രമായ ബാലൻസ് ഷീറ്റ് വേണം: രാജൻ വിശദീകരിച്ചു.
റിസർവ് ബാങ്കിന് ഓരോ വർഷവും ലഭിക്കുന്ന ലാഭത്തിൽ ഒരു ചെറിയ ഭാഗമേ പിടിച്ചുവയ്ക്കുന്നുള്ളൂ. ബാക്കി മുഴുവൻ ഗവൺമെന്റിനു നല്കുകയാണ്. പിടിച്ചുവയ്ക്കുന്നത് ആകസ്മികമായ ബാധ്യതകൾ കണക്കിലെടുത്താണ്. രൂപയുടെ വില കുറയുന്നതുപോലെ കൂടുകയും ചെയ്യാം. വില കുറയുന്പോൾ വിദേശ കറൻസി നിക്ഷേപങ്ങളിൽ ലാഭമുണ്ടാകും. രൂപയുടെ വില കൂടുന്പോൾ ആ നിക്ഷേപത്തിൽ നഷ്ടം വരാം. അങ്ങനെ വരുന്നതു നേരിടാനാണ് ആകസ്മികതാ നിധി.
റിസർവ് ബാങ്കിന്റെ അധികമൂലധനം സർക്കാരിലേക്ക് എടുക്കാൻ സർക്കാർ വലിയ സമ്മർദം ചെലുത്തിവരികയാണ്. ഒക്ടോബറിൽ കൂടിയ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് മൂലധനനില പഠിക്കാൻ ഒരു വിദഗ്ധ കമ്മിറ്റിയെ വയ്ക്കാൻ തീരുമാനിച്ചിരുന്നു. കമ്മിറ്റി ഘടന ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
റിസർവ് ബാങ്കിന്റെമേലുള്ള സർക്കാരിന്റെ സമ്മർദം രാജ്യത്തെ ധനകാര്യ ഭദ്രതയ്ക്കു ഭീഷണിയാണെന്നും പ്രമുഖ റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) മുന്നറിയിപ്പു നല്കി.
ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയുടെ സാഹചര്യം. ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താൻ പ്രേരിപ്പിക്കുന്നതാണെന്നും എസ് ആൻഡ് പി പറഞ്ഞു. ഏതാനും വർഷമായി ധനകാര്യ മേഖലയുടെ കെട്ടുറപ്പ് വീണ്ടെടുക്കാൻ നടത്തിപ്പോന്ന പരിശ്രമങ്ങളെ വൃഥാവിലാക്കാനേ സർക്കാരിന്റെ നീക്കം സഹായിക്കൂ എന്നും അവർ വിലയിരുത്തി.
ഈ മേഖലയിലെ മറ്റു കേന്ദ്രബാങ്കുകളേക്കാൾ കൂടുതൽ സ്വയംഭരണവും സ്വാതന്ത്ര്യവും റിസർവ് ബാങ്കിനുണ്ട്. എന്നാൽ, സർക്കാരിൽനിന്നു നിരന്തരം സമ്മർദം തുടർന്നാൽ ഇതു നഷ്ടമാകും. അതു ദീർഘകാല ധനകാര്യ ഭദ്രത ഇല്ലാതാക്കും: ഏജൻസി അഭിപ്രായപ്പെട്ടു.
പ്രശ്നകടങ്ങൾ നിർണയിക്കുകയും അവയ്ക്കു വകയിരുത്തൽ നടത്തുകയും ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നടപടിക്രമം കിട്ടാക്കട പ്രശ്നം ലഘൂകരിക്കാൻ സഹായിച്ചെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ ത്വരിത തിരുത്തൽ നടപടി (പിസിഎ)യും ഉചിതമായെന്ന് എസ് ആൻഡ് പി കരുതുന്നു. പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം നൽകേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഭരണത്തിൽ റിസർവ് ബാങ്കിനു വേണ്ടത്ര പങ്കാളിത്തം അനുവദിക്കാത്തതിനെ എസ് ആൻഡ് പി വിമർശിച്ചു.