വടകര: ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിൽ സീനിയർ വിദ്യാർഥികളുടെ റാഗിംഗിൽ വിദ്യാർഥിക്ക് പരിക്ക്.
ഒന്നാം വർഷ ബികോം വിദ്യാർഥി മണിയൂർ കുറുന്തോടിയിലെ തയ്യിൽ മിസാജിനാണ് (19) പരിക്കേറ്റത്
രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളാണ് തന്നെ മർദിച്ചതെന്ന് മിസാജ് പറഞ്ഞു.
പുതുതായി കോളജിൽ പ്രവേശനം നേടിയവർ നിർബന്ധമായും തങ്ങളുടെ ഇംഗിതത്തിന് വഴങ്ങണമെന്നും അല്ലാത്തപക്ഷം ദേഹോപദ്രവം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആക്രോശിച്ച് കൊണ്ടാണ് തന്നെ മർദിച്ചതെന്ന് മിസാജ് പ്രിൻസിപ്പളിന് നല്കിയ പരാതിയിൽ പറയുന്നു.ഈയിടെ അഫിലിയേഷൻ ലഭിക്കാത്തതിനാൽ അടച്ച് പൂട്ടിയ കീഴൽ മുക്കിലെ കടത്തനാട് ആർട്സ് & സയൻസ് കോളജിൽ നിന്ന് പഠനം പാതി വഴിക്ക് അവസാനിപ്പിച്ച ശേഷമാണ് മിസാജ് എംഎച്ച്ഇഎസിൽ പ്രവേശനം നേടിയത്.
ഈയിടെ കടുത്ത റാഗിംഗ് കാരണം ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് വരെ കാരണമായി വിവാദം സൃഷ്ടിച്ച കോളജാണ് ഇത്. പരിക്കേറ്റ മിസാജ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.റാഗിംഗ് ഇരയായ മിസാജിനെ സംസ്ഥാന യുവജന കമ്മീഷൻ അംഗം ടി.പി ബിനീഷ് സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തേടുമെന്ന് ബിനീഷ് പറഞ്ഞു.