കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ റാഗിംഗ് ചെറുത്തതിന് പവര്‍ലിഫ്റ്റിങ് താരത്തെ ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളമശേരി പോലീസിൽ പരാതി നൽകാനും തീരുമാനമായിട്ടുണ്ട്.
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി അനക്സ് റോണ്‍ ഫിലിപ്പിനെയാണ് ഒരു സംഘം ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അനക്സിന്റെ തോളിലെ കൈക്കുഴ തെറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്പോര്‍ട്സ് ക്വാട്ടയില്‍ എംബിബിഎസ് പ്രവേശം നേടിയ അനക്സ്റോണ് ഫിലിപ്പ് പവര്‍ലിഫ്റ്റിങില്‍ 2017- 18 വര്‍ഷങ്ങളിലെ നാഷണല്‍ ചാമ്പ്യനും ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയ ലോക താരവുമാണ്. അടുത്തിടെ നടക്കാനിരിക്കുന്ന ആള് ഇന്ത്യാ യൂനിവേഴ്സിറ്റി പവര്‍ ലിഫ്റ്റിങില്‍ ആരോഗ്യ സര്‍വകലാശാലയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമം.
സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനെതിരെ ശക്തമായ നിലപാടെടുത്തതാണ് പ്രകോപനത്തിന് കാരണം.തെറ്റിയ കൈക്കുഴ പൂർവ്വസ്ഥിതിയിലാക്കിയെങ്കിലും ഇനി തനിക്ക് വെയ്റ്റ് ലിഫ്റ്റിങിന് കഴിയുമോയെന്ന ആശങ്കയിലാണ് അനക്സ്. ഡോക്ടർമാർ വിദഗ്ധ ചികിത്സ നടത്താനാവശ്യപ്പെട്ടിട്ടുണ്ട്.
പ്രിന്‍സിപ്പലിന് നല്കിയ പരാതിയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളായ ആകര്‍ഷ്, അശ്വജിത്ത്, നജീം എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ടാലറിയുന്ന പത്തിലേറെ പേര് ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് പറയുന്നു. കോപ്പിയടി വിവാദത്തിൽപെട്ടവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്.