തിരുവനന്തപുരം: വിദ്യാർഥിനി കെട്ടിടത്തിൽനിന്നു കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം ഐപിഎംഎസ് ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം ദളിത് പീഡനം, ഭീഷണി, മർദനം തുടങ്ങി എട്ടുവകുപ്പുകൾ ചേർത്താണ് കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരിൽ എത്തിയ പെണ്‍കുട്ടി, താമസിച്ചിച്ചിരുന്ന ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബിബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ പെണ്‍കുട്ടി.
നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർഥിനി ഹോട്ടലിന്റെ മൂന്നാം നിലയിലെത്തുകയും താഴേയ്ക്കു ചാടുകയുമായിരുന്നെന്നാണു റിപ്പോർട്ടുൾ. ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ കാലുകളും ഒടിഞ്ഞിട്ടുണ്ട്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും പെണ്‍കുട്ടിയെ അധിക്ഷേപിക്കാൻ കൂടിയിരുന്നതായും പറയുന്നു.