തലശേരി: പാനൂർ പാറാട് പി.ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ കൈ അടിച്ചു തകർത്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥികളായ അഞ്ചുപേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.
പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥി പാറാട് തളിയന്റവിട ആദമിന്റെ മകൻ മുഹമ്മദ് നിഹാലിനു(16) നേരേ ഇന്നലെ ഉച്ചയ്ക്ക് സ്കൂളിലെ കാന്റീനു സമീപം വച്ചായിരുന്നു ആക്രമണം. ഇടതുകൈയുടെ എല്ലുകൾ തകർന്ന നിലയിൽ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
പരീക്ഷ കഴിഞ്ഞ് അധ്യാപകന്റെ സെന്റ് ഓഫ് പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് വെള്ളം കുടിക്കാൻ കാന്റീനിലേക്ക് പോകവെയാണ് നിഹാൽ അക്രമത്തിനിരയായത്. നിഹാലിനെ തടഞ്ഞു നിർത്തിയ സംഘം ‘നീയെന്താടാ ഞങ്ങളെ ബഹുമാനിക്കാത്തത്. നിന്റെ നോട്ടം ശരിയല്ലല്ലോടാ’ എന്നിങ്ങനെ പറഞ്ഞു കൊണ്ടാണ് ആക്രമിച്ചതെന്നും ഇതിനു മുമ്പും ഈ സംഘം നിഹാലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിനു കീഴിലുള്ള ഗവൺമെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ റാഗിംഗിന്റെ പേരിൽ നടന്നകൊടുംക്രൂരതകളുടെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണു കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ് അക്രമം നടന്നത്.
‘മകനോട് പെരുമാറിയത് ഗുണ്ടകളെപോലെ’
തന്റെ മകനോട് ഗുണ്ടകളെ പോലെയാണ് അഞ്ചംഗ വിദ്യാർഥി സംഘം പെരുമാറിയതെന്നു നിഹാലിന്റെ അച്ഛന് ആദം രാഷ്ട്രദീപികയോട് പറഞ്ഞു. തലയ്ക്കും കഴുത്തിനും ക്രൂരമായി മർദിച്ച ശേഷം ചവിട്ടി വീഴ്ത്തി. ഷൂ കൊണ്ട് ചവിട്ടി കൈ ഒടിച്ചു. എല്ലുകൾ ഒടിഞ്ഞ് പുറത്തേക്കു വന്നു.
സ്ഥലത്തുണ്ടായ പിടിഎ അംഗങ്ങൾ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. അടിച്ച കുട്ടികളുടെ പേര് പറഞ്ഞാലെ മകനെ ആശുപത്രിയിൽ കൊണ്ടു പോകൂ എന്നായിരുന്നു അവരുടെ നിലപാട്. ഒടുവിൽ പ്ലസ് വൺ വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ നിഹാലിനെ പാനൂർ ആശുപത്രിയിലെത്തിച്ചതെന്ന് ആദം പറഞ്ഞു.
പരിക്ക് ഗുരുതരമായതുകൊണ്ടാണ് തലശേരിയിലേക്ക് കൊണ്ടു വന്നത്. എക്സറേ പരിശോധിച്ച എല്ല് രോഗ വിദഗ്ധൻ ഇത് ഗുണ്ടാ അക്രമണമാണോ എന്നാണ് ചോദിച്ചത്. രാത്രി പത്തരയ്ക്കാണ് മകനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയതെന്നും ആദം പറഞ്ഞു.