തലശേരി: കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബട്ടൻസ് വിഷയത്തിൽ നടന്ന റാഗിംഗിനു പിന്നാലെ തലശേരിയിലെ സ്കൂളിലും ബട്ടൻസ് തർക്കവും മർദനവും. നഗരമധ്യത്തിലെ സ്കൂളിൽ ബട്ടൻസ് പ്രശ്നം ഉന്നയിച്ച് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥിയെ ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ നാല് കുട്ടികൾക്കും മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇവർ ചികിത്സ തേടി.
ഇന്നലെ നഗരമധ്യത്തിലെ സ്കൂളിലായിരുന്നു സംഭവം. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ സ്കൂളിലെത്തുന്പോഴേക്കും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രശ്നം ഒത്തു തീർപ്പാക്കി.ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൻ സംബന്ധിച്ചാണ് ഇപ്പോൾ വിദ്യാലയങ്ങളിൽ സീനിയേഴ്സും ജൂണിയേഴ്സും തമ്മിലുള്ള അടി നടക്കുന്നത്.
കടുത്ത ചൂടിലും ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൻ അഴിച്ചിടാൻ ജൂണിയർ വിദ്യാർഥികൾക്ക് അവകാശമില്ലെന്ന സീനിയേഴ്സിന്റെ പിടിവാശിയാണ് പലപ്പോഴും അടിയിൽ കലാശിക്കുന്നത്.ജൂണിയർ വിദ്യാർഥി മുകൾ ഭാഗത്തെ ബട്ടൻ ഇടാത്തതായിരുന്നു തലശേരിയിലെ സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.
സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി ഇത് ചോദ്യം ചെയ്യുന്ന ബഹളം കേട്ട് ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടെയാണ് അധ്യാപികയ്ക്കും മർദനമേറ്റത്. പിന്നീട് സംഘർഷം ക്ലാസ് മുറിയിൽനിന്നു ഫുട്ബോൾ സെലക്ഷൻ നടക്കുന്നിടത്തേക്കും വ്യാപിച്ചു.
കടവത്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഭവം പുറം ലോകം അറിഞ്ഞാൽ പിടിവിട്ട് പോകുമെന്ന ചിലരുടെ നിർദേശത്താലാണ് കാര്യങ്ങൾ ഒത്തുതീർപ്പിലാക്കിയതെന്നാണ് വിവരം.