കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് ആണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിയത്. ഇതിനെത്തുടർന്ന് ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേയാണ് പരാതി. ഇവരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.
ഈ മാസം പതിനൊന്നിന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് ശേഷം ഇരു കൂട്ടരും കഴക്കൂട്ടം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.
സീനിയര്‍ വിദ്യാര്‍ഥികള്‍ അഭിഷേകിനെത്തേടി ഹോസ്റ്റലില്‍ എത്തുകയും ബിന്‍സിനെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദിച്ചു എന്നായിരുന്നു ബിന്‍സ് പ്രിന്‍സിപ്പലിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തുകയും മുതുകിലും മുഖത്തും അടിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. തറയില്‍ വീണ ശേഷവും മര്‍ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും പരാതിയില്‍ വ്യകതമാക്കുന്നു.