ഇരിട്ടി: തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേ ആന്റി റാഗിംഗ് നിയമ പ്രകാരം കേസെടുത്തു. തില്ലങ്കേരി വടക്കേക്കര മുഹമ്മദ് ഷാനിഫിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഷൂ ധരിച്ചതിനും തലമുടി മുറിച്ചതും ഷർട്ടിന്റെ ബട്ടൻ ഇട്ടതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും മർദിച്ചുമെന്നാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ വിദ്യാർഥി പ്രിൻസിപ്പൽ ഇൻ ചാർജായ എ. സന്തോഷിന് നൽകിയ പരാതി ഇദ്ദേഹം പോലീസിന് കൈമാറുകയായിരുന്നു. മുഴക്കുന്ന് പോലീസ് ഷാനിഫിന്റെ മൊഴിയെടുത്തു. കേസെടുത്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
റാഗിംഗിന്റെ പേരിൽ പലപ്പോഴും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലും സ്കൂളിലും പരിസത്തും പതിവാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നാരംഭിച്ച സംഘർഷം കാവുംപടി ടൗണിലേക്കും വ്യാപിച്ചിരുന്നു. ഈ സംഭവത്തിലാണ് ഷാനിഫിന് മർദനമേറ്റതെന്ന് പറയുന്നു.
നേരത്തെയും സമാനരീതിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയിരുന്നു. അപ്പോഴൊക്കെ ആരോപണ വിധേയരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് രക്ഷിതാക്കളെ വിളിപ്പിച്ച് പിടിഎയുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ ക്ഷമാപണം നടത്തിച്ചും ആവർത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങിയും പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നുവെന്ന് പറയുന്നു.
അതേസമയം സ്കൂളിലെ ഒരു പറ്റം വിദ്യാർഥികളുടെ മോശമായ രീതിയിലുള്ള ഇടപെടലുകളും പുതുതായി സ്കൂളിലെത്തുന്നവരെ അക്രമിക്കുന്നതുൾപ്പെടെയുള്ള രീതികൾ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും ആവശ്യം. സംഘർഷം ഉണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഴക്കുന്ന് സിഐ എ.വി. ദിനേഷ് പറഞ്ഞു.