കൊട്ടാരക്കര: റാഗിംഗിനെതിരെ പരാതി പറയാൻ പോയ പ്ലസ് വൺ വിദ്യാർഥിയെ സീനീയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. മർദനമേറ്റ് അവശനായ ദളിത് വിദ്യാർഥിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടിക്കവല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയായ കണ്ണംകോട് പരുത്തിയിൽ തടത്തിൽ വീട്ടിൽ മൻമതിയുടെ മകൻ സുമേഷ് എൽ (16)നെയാണ് ഏതാനും സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി ഉയർന്നത്.
പരാതിയെ തുടർന്ന് സ്കൂളിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്ലസ് വണിന് ക്ലാസ് ആരംഭിച്ച അന്നു മുതൽ പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളായ ഇവർ തന്നെ റാഗിംഗിന്റെ പേരിൽ പീഡിപ്പിച്ചുവരുകയാണന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറയുന്നു. സുമേഷ് അക്കമുള്ള പല പ്ലസ് വൺ വിദ്യാർഥികളെയും സീനിയേഴ്സ് റാഗിംഗ് നടത്തിയിരുന്നതായി പറയുന്നു.
വെള്ളിയാഴ്ച റാഗിംഗ് അസഹ്യമായപ്പോൾ തിങ്കളാഴ്ച പ്രിൻസിപ്പലിനെ കണ്ട് പരാതി പറയുമെന്ന് കൂട്ടുകാരോട് സുമേഷ് പറഞ്ഞു. ഇതറിഞ്ഞ സീനിയർ വിദ്യാർഥികൾ തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ടപ്പോൾ സുമേഷ് കൈകഴുകാൻ പോയ സമയത്ത് ഗ്രൗണ്ടിൽ പത്തംഗ സംഘമടങ്ങിയ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
അവശനായ വിദ്യാർഥിയെ പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. റാഗിംഗ് സംബന്ധിച്ചും മർദനകാര്യം ചൂണ്ടിക്കാട്ടിയും സുമേഷ് സ്കൂൾ പ്രിൻസിപ്പാളിന് തിങ്കളാഴ്ച തന്നെ പരാതി നൽകി.
ഇന്നലെ സ്കൂളിൽ നിന്ന് അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ്കസ്റ്റഡിയിലെടുത്തു. റാഗിംഗ് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി കൊട്ടാരക്കര എസ്ഐ മനോജ് പറഞ്ഞു. കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.