ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്നാം വര്‍ഷ വിദ്യാർഥികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
ഒന്നാം വര്‍ഷ വിദ്യാർഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. റാഗിംഗ് വിരുദ്ധ നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളജ് പ്രിൻസിപ്പൽ ഇവർക്കെതിര് നടപടി എടുത്തത്.
ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ മൂന്നു മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.