നാട്ടകം ഗവ: പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ റാഗിംഗ്; ആ രാത്രിയില്‍ സംഭവിച്ചത്; ആരോപണവിധേയരായ എട്ടു വിദ്യാര്‍ഥികളെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

ktm-raging1കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തകേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി ചങ്ങനാശേരി ഡിവൈഎസ്പി വി. അജിത്ത്. സംഭവത്തില്‍ ചിങ്ങവനം പോലീസ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ പ്രതികള്‍ക്കെതിരെ റാഗിംഗ്, ദളിത് പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.  കേസിലെ പ്രതികളായ എട്ടു വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ചേരാനെല്ലൂര്‍ പാലിയംതുരുത്ത് സ്വദേശി ഷൈജു ഡി. ഗോപിയുടെ പരാതിയിലാണ്  ചിങ്ങവനം പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് തൃശൂര്‍ സ്വദേശി അവിനാഷിന്റെ പരാതിയില്‍ എട്ടു പ്രതികള്‍ക്കെതിരേയാണ് കേസെടുത്തത്.

റാഗിംഗ് നടന്ന ഹോസ്റ്റലില്‍ ഇന്നലെ പോലീസ് എത്തിയെങ്കിലും ഹോസ്റ്റല്‍ അടച്ച് ബന്ധപ്പെട്ടവര്‍ മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. റാഗിംഗിന് വിധേയരായ ഷൈജു ഡി ഗോപി ചേരാനെല്ലൂരില്‍ സ്വകാര്യ ആശുപത്രിയിലും അവിനാഷ് തൃശൂരിലും ചികിത്സയിലാണ്.  നാട്ടകം പോളിടെക്‌നിക്കിലെ സീനിയര്‍ വിദ്യാര്‍ഥികളായ അഭിലാഷ് ,മനു, നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ്, റെയ്‌സണ്‍ എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡു ചെയ്തത്. രണ്ടു കേസിലും ഇവര്‍ തന്നെയാണ് പ്രതികള്‍.

കഴിഞ്ഞ 12ന് രാത്രി 11നു ഹോസ്റ്റലില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ റാഗ് ചെയ്തുവെന്നാണു വിദ്യാര്‍ഥികളുടെ പരാതി. വസ്ത്രങ്ങള്‍ അഴിച്ചു വച്ച് പലതരത്തിലുള്ള ശാരീരികവ്യായാമം ചെയ്യിച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്. മെക്കാനിക്കല്‍ ഡിപ്ലോമ കോഴിസില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിംഗിന് ഇരയായത്.
ഹോസ്റ്റലില്‍

ആ രാത്രിയില്‍ സംഭവിച്ചത്…
കോട്ടയം: മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ റാഗിംഗ് നടന്നത്. നിര്‍ദനരായ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണ് നാട്ടകം പോളിടെക്‌നിക്കിന്റേത്. പുതിയതായി എത്തിയ വിദ്യാര്‍ഥികളെ പരിചയപ്പെടലിന്റെ ഭാഗമായാണ് റാഗിംഗ് നടന്നതെന്ന് പോലീസ് പറയുന്നു. റാഗിംഗ് നടന്ന ദിവസം പോളിടെക്‌നിക് കോളജില്‍ ഒമ്പതു വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങി കിടന്ന വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാനായി വിളിച്ചുകൊണ്ട് പോയി.

സീനിയര്‍ വിദ്യാര്‍ഥികളുടെ മുറിയില്‍ എത്തിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇവര്‍ നിര്‍ബന്ധിപ്പിച്ച് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി. തുടര്‍ന്ന 50 പുഷ് അപ്പ് 100 സിറ്റപ്പും നിര്‍ഡബന്ധിപ്പിച്ച് എടുപ്പിച്ചു. തുടര്‍ന്ന് മുറിക്കുള്ളില്‍ ഓടിക്കുകയും തറയില്‍ കിടന്നു നീന്താനും ആവശ്യപ്പെട്ടു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണെന്ന് റാഗിംഗിനു വിധേയരായ വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നതായി പോലീസ് പറഞ്ഞു.

പിന്നീട് ജൂണിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒറ്റക്കാലില്‍ നിര്‍ത്തി. സീനിയര്‍ വിദ്യാര്‍ഥികള്‍ പാടിയ അശ്ലീല ഗാനം മനഃപാഠമാക്കി പാടാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പിന്നീട് ഒമ്പതു പേരെയും രണ്ടാം നിലയിലെ സീനിയര്‍ വിദ്യാര്‍ഥിയുടെ മുറിയില്‍ എത്തിച്ചു. ഇവിടെ വച്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂണിയര്‍ വിദ്യാര്‍ഥികളെക്കൊണ്ട് മദ്യം നിര്‍ബന്ധിപ്പിച്ച കുടുപ്പിച്ചു. മദ്യം കുടിച്ച് ഛര്‍ദിച്ച വരെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

Related posts