ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നു നേരിടേണ്ടി വന്ന പൈശാചികമായ റാഗിംഗില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു.
റാഗിംഗ് നടത്തിയതിനു റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഉടനില്ല. കൂടുതല്‍ വിവരശേഖരണത്തിനായുള്ള മൊഴിയെടുപ്പാണ് നടക്കേണ്ടത്. റാഗിംഗ് നടന്ന ഹോസ്റ്റലില്‍ വാര്‍ഡനും ഹൗസ്കീപ്പറുമുണ്ട്.
ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് എടുത്തിരുന്നെങ്കിലും ഇവര്‍ക്ക് റാഗിംഗ് നടക്കുന്ന വിവരം അറിയില്ലെന്നാണ് പറയുന്നത്.
ഇവരില്‍നിന്ന് ഇനിയും വിവരശേഖരണം നടത്തും. മാസങ്ങളായി ഹോസ്റ്റല്‍ മുറിയില്‍ നിലവിളിയും ബഹളങ്ങളും ഉണ്ടായിട്ടും ഈ സംഭവങ്ങളൊന്നും ആരും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതരും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം ഹോസ്റ്റലില്‍ നടന്നിട്ടും ഈ വിവരം പുറത്ത് വരാതിരുന്നതില്‍ ദുരൂഹതയുണ്ട്.
ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍
കോട്ടയം: ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും കള്ളും കഞ്ചാവും അര്‍ധരാത്രി ഹോസ്റ്റലില്‍ എത്തിയിരുന്നെന്നും പോലീസ്.
ജൂണിയര്‍ വിദ്യാര്‍ഥികളെ ക്രൂരപീഡനത്തിന് ഇരയാക്കിയവരുടെ മുറികള്‍ സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ പോലീസ് കോളജിലും ഹോസറ്റലിലുമെത്തി വിദ്യാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.
നഴ്സിംഗ് കോളജിലേക്ക് പ്രതിഷേധമാർച്ച്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിനു കീഴിലുള് നഴ്സിംഗ് കോളജിലെ അതിക്രൂര റാഗിംഗില്‍ അധികൃതരുടെ ഗൗരവകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് നഴ്സിംഗ് കോളജിലേക്ക് ഇന്നു പ്രതിഷേധ മാര്‍ച്ച് നടത്തി.
എസ്എഫ്ഐ, കെഎസ് യു, ബിജെപി എന്നീ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. അക്രമസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ കോളജിനു മുമ്പില്‍ വിന്യസിച്ചിട്ടുണ്ട്