മണ്ണാർക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട് നടപടി.നിലവിൽ സസ്പെൻഷനിലുള്ള ബിഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർഥി കെ. മുഹമ്മദ് അൻസിൽ, ബികോം സിഎ ഫൈനൽ ഇയർ വിദ്യാർഥി ജനീസ് സ്വലാഹ് എന്നിവരെ കോളജിൽനിന്നും പുറത്താക്കി.
കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ശുപാർശ പ്രകാരം ഇന്നലെ ചേർന്ന കോളജ് കൗണ്സിൽ യോഗത്തിലാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ പ്രൊഫസർ ശിഹാബ് അറിയിച്ചു.
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ് വിദ്യാർഥി എടത്തനാട്ടുകര പാറോക്കോട്ട് ഇംത്തിയാസിന്റെ മകൻ അബ്സാനെ അക്രമിച്ചത്.
തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അബ്സാൻ വട്ടന്പലം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അക്രമിച്ച വിദ്യാർഥികൾക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.
ഇവർക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്നും വൈകാതെ പിടികൂടുമെന്നും സിഐ അറിയിച്ചിരുന്നു.ക്രൂരമായ റാഗിംഗ് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ ഇത് മൂന്നാമത്തേതാണ്. ഇതോടെ കോളജ് അധികൃതരും വിദ്യാർഥികളും ജാഗ്രതയിലാണ്.
ടീച്ചേഴ്സ് ആൻഡ് റാഗിംഗ് സെൽ രൂപീകരിച്ച് അധ്യാപകർ പ്രവർത്തനം തുടങ്ങി. വിദ്യാർഥികൾക്കിടയിലും റാഗിംഗിന് എതിരെ ആന്റി സ്റ്റുഡൻസ് വിംഗ് രൂപീകരിച്ചിട്ടുണ്ട്.
കോളജിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ ഗാങ്ങിസമാണ് നടക്കുന്നത്.
മൂത്തൻസ് സംഘമാണ് കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിട്ടുള്ളത്. ഇവരുടെ സംഘത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതിനായിരുന്നു മർദ്ദനം.
ഇതേ സംഭവം 2015ലും 2019ലും ആവർത്തിച്ചിരുന്നു. മൂപ്പൻസ്, കലിപ്പൻസ്, മൂത്തൻസ് തുടങ്ങി വിവിധ പേരുകളിലാണ് ഈ സംഘങ്ങൾ വർഷവും അറിയപ്പെടുന്നത്.
ഇത്തരം സംഘങ്ങളെ കോളജിൽ നിന്ന് അമർച്ചചെയ്യാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിഐ പി. അജിത്കുമാർ പറഞ്ഞു.