പന്തളം: ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നഴ്സിംഗ് വിദ്യാർഥിനിയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയായി. പന്തളം ചിത്രാ നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായ ചങ്ങനാശേരി ചെളിയനാട് കുന്നംകേരി കാരുംവേലിൽ സ്നേഹ തോമസിനാണ്(18) ശസ്ത്രക്രിയ നടത്തിയത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സ്നേഹ ചികിത്സയിൽ കഴിയുന്നത്. ഇരു കാലുകളുടെയും പാദങ്ങൾക്കും ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചതിനാൽ ഇത് മാറ്റിവച്ചിരിക്കുകയാണ്.
മൂന്നിന് രാത്രി ഏഴോടെയാണ് സ്നേഹ വീണ് പരിക്കേൽക്കുന്നത്. സ്നേഹ വീണു പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലും ഇത് കൂടാതെ, പന്തളം പോലീസിന് നല്കിയ മൊഴിയിലും റാഗിംഗ് സംബന്ധിച്ച സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സീനിയർ വിദ്യാർഥിനികൾക്കെതിരെ പോലീസ് കേസെടുത്തത്.
ഫ്രഷേഴ്സ് ഡേ ആചരണത്തിന്റെ ഭാഗമായുള്ള വിനോദ പരിപാടികൾക്ക് സീനിയർ വിദ്യാർഥിനികൾ നിർബന്ധിച്ചിരുന്നെങ്കിലും താനതിന് വഴങ്ങിയിരുന്നില്ലെന്നും ഇത്തരം വിനോദങ്ങൾക്ക് തയാറാവാതിരുന്നതോടെ ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്ന മറ്റൊരു കുട്ടിക്കൊപ്പം താമസം മാറണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്രെ. 31 ന് ഉച്ചയോടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തി കണ്ടു സംസാരിച്ച ശേഷം മടങ്ങി. അന്നു വൈകുന്നേരം അഞ്ചോടെ കുളിക്കാനും വസ്ത്രം അലക്കി വിരിക്കാനും മറ്റുമായി മുകളിലെ നിലയിലേക്ക് പോയി.
പ്ലംബിംഗ്, വയറിംഗ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് പോയിരുന്നെന്നും പിന്നീടുള്ളതൊന്നും ഓർമയില്ലെന്നുമാണ് മൊഴി. രക്തസമ്മർദം കുറയുന്നത് മൂലമുള്ള അസ്വസ്ഥതകൾ അനുഭപ്പെടാറുണ്ടായിരുന്നെന്നും ഇതിന് ചികിത്സയിലായിരുന്നെന്നും പോലീസിന് നല്കിയ മൊഴിയിൽ പറഞ്ഞിരുന്നു.
അടൂർ ഡിവൈഎസ്പി ആർ.ജോസിന്റെ മേൽനോട്ടത്തിൽ പന്തളം സിഐ ഇ.ഡി.ബിജുവാണ് അന്വേഷണം നടത്തുന്നത്. തുടർ നടപടികളുടെ ഭാഗമായി പോലീസ് സീനിയർ വിദ്യാർഥിനികൾ, പ്രിൻസിപ്പൽ സിസ്റ്റർ തോമസീന എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ക്രൂരമായ തരത്തിലുള്ള റാഗിംഗ് നടന്നിട്ടില്ലെന്നാണ് പോലീസിന്റെ അനുമാനം. സ്നേഹയുടെ മൊഴിയിൽ സീനിയർ വിദ്യാർഥിനികളെന്നു മാത്രമാണ് പരാമർശം. എന്നാൽ, ഇവർ ആരൊക്കെയെന്ന് കണ്ടെത്താനാണ് സീനിയർ വിദ്യാർഥിനികളുടെ മൊഴിയെടുത്തതെന്ന് പോലീസ് അറിയിച്ചു.