തൃശൂര്‍: നാട്ടകം പോളിടെക്നിക് കോളജ് വിദ്യാര്‍ഥി അവിനാശിനെ റാഗ് ചെയ്തത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചാരണം ശരിയല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിനും പ്രസിഡന്റ് ജെയ്ക് സി. തോമസും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ എസ്എഫ്ഐക്കു പങ്കില്ല. അവിനാശിനെ ക്രൂരമായി റാഗ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
റാഗിംഗിനെതിരെ എല്ലാ കാലത്തും എസ്എഫ്ഐ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. അത്തരം മൃഗീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവരോടു മൃദുസമീപനം സ്വീകരിക്കാന്‍ എസ്എഫ്ഐക്കാവില്ല. നാട്ടകത്തേതു രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തയാറല്ല. ഇതൊരു സാമൂഹ്യപ്രശ്നമായി തിരിച്ചറിഞ്ഞു രാഷ്ട്രീയവും മറ്റെല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. അവിനാശിന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണം. തുടര്‍പഠനത്തിന് എല്ലാവിധ സഹായവും ചെയ്യാന്‍ എസ്എഫ്ഐ തയാറാണ്. സര്‍ക്കാര്‍ ഇടപെട്ട് മറ്റേതെങ്കിലും കാമ്പസില്‍ പഠന സൗകര്യമൊരുക്കണം.
എല്ലാ കാമ്പസുകളിലും ആന്റി റാഗിംഗ് സെല്ലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അഞ്ചു പ്രതികളാണ് സംഭവത്തില്‍ പിടിയിലായത്. ബാക്കിയുള്ളവരെ കൂടി ഉടന്‍ പിടികൂടണമെന്നും എസ്എഫ്ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സംഗീത്, ജില്ലാ സെക്രട്ടറി റോസല്‍രാജ് എന്നിവരും പത്രസമ്മേള നത്തില്‍ പങ്കെടുത്തു. എസ്എഫ്ഐ ഭാരവാഹികള്‍ ഒളരി മദര്‍ ആശുപത്രിയിലെത്തിഅവിനാശിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.