പുതുക്കാട്: നെന്മണിക്കര,വല്ലച്ചിറ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ ദിവസങ്ങൾക്കു മുന്പ് സ്ഥാപിച്ച ഷട്ടറുകളിൽ ചോർച്ച. സ്ഥലം എംഎൽഎയും മന്ത്രിയുമായ സി.രവീന്ദ്രനാഥിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് കാലപഴക്കം ചെന്ന ഷട്ടറുകൾക്ക് പകരം പുതിയ ഷട്ടറുകൾ സ്ഥാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗമാണ് ഷട്ടറുകൾ മാറ്റി സ്ഥാപിച്ചത്.
രണ്ടു മാസം നീണ്ട ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുന്പാണ് പൂർത്തീകരിച്ചത്.എന്നാൽ മാറ്റി സ്ഥാപിച്ച എട്ടു ഷട്ടറുകളിൽ നിന്നും വെള്ളം ചോർന്നൊലിക്കുകയാണ്. പത്ത് ഷട്ടറുകളുള്ള റെഗുലേറ്ററിന്റെ എട്ടു ഷട്ടറുകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് ഇറിഗേഷൻ വകുപ്പ് മാറ്റിയത്.
രൂക്ഷമായ വേനലിൽ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായാണ് ധ്രുതഗതിയിൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇപ്പോൾ പന്ത്രണ്ട് അടി വെള്ളം സംഭരിച്ചു നിർത്തേണ്ട സാഹചര്യത്തിൽ ഷട്ടറിന്റെ ചോർച്ച മൂലം എട്ടടിക്ക് താഴെ മാത്രമാണ് വെള്ളം തടഞ്ഞു നിർത്താൻ കഴിയുന്നത്.
പീച്ചി ഡാമിൽ നിന്നും മണലിപുഴയിലൂടെ എത്തുന്ന വെള്ളം ഓടൻചിറ ഷട്ടറിന്റെ ചോർച്ചയെ തുടർന്ന് കടലിലേക്ക് ഒഴുക്കി കളയുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഷട്ടറുകളുടെ അടിഭാഗങ്ങളിലാണ് ചോർച്ചയുള്ളത്. എത്രയും വേഗം ചോർച്ച അടക്കാൻ നടപടികൾ എടുത്തില്ലെങ്കിൽ നിലവിലുള്ള വെള്ളവും ചോർന്നു പോകുമെന്നും, വെള്ളം ചോരുന്നത് ഷട്ടറിന്റെ നിർമാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു.
വരും ദിവസങ്ങളിൽ പ്രദേശത്ത് നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമായ ഓടൻചിറയിലെ ഷട്ടറുകളുടെ ചോർച്ച തടഞ്ഞ് വെള്ളം സംഭരിച്ചു നിർത്തുന്നതിനുള്ള നടപടികൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.