പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്്റ്റിലായ ആക്ടിവിസ്റ്റ് രഹനാഫാത്തിമയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റി. രഹനയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്ക് അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. രഹന ഉപയോഗിച്ചിരുന്ന മൊബൈൽഫോണ് കണ്ടെത്തേണ്ടതുണ്ട്. ഇതു ഭർത്താവിന്റെ കൈവശമുണ്ടെന്നു പറഞ്ഞിരുന്നെങ്കിലും ഇന്നലെ കണ്ടെത്താനായിട്ടില്ല. ഇവർക്കു പിന്നിൽ സംഘടനകളേതെങ്കിലും ഉണ്ടോയെന്നതു സംബന്ധിച്ചും അന്വേഷിച്ചുവരികയാണ്.
എറണാകുളം പാലാരിവട്ടത്തെ ബിഎസ്എൻഎൽ ന്റെ ഓഫീസിൽ നിന്ന് പത്തനംതിട്ട സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഇവരെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹന ഫാത്തിമയെ കൂകി വിളിച്ചാണ് ബിജെപി, മഹിളാമോർച്ച പ്രവർത്തകർ വരവേറ്റത്. പിന്നീട് പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്ന് രഹനയുടെ ശബരിമല യാത്രയും വിവാദങ്ങളുമാണ് വിവാദ പോസ്റ്റിലേക്കു വഴിവച്ചത്. ഇവർക്കെതിരെയുള്ള ഫേസ്ബുക്ക് പരാമർശങ്ങളിൽ ഒരു സ്ത്രീയുടെ കാല് കണ്ടാൽ തീരുന്നതേയുള്ളു ഇവരുടെ മതവികാരമെന്ന് പ്രത്യേക വേഷത്തോടെയുള്ള ചിത്രത്തോടൊപ്പം രഹന പ്രതികരിച്ചിരുന്നു.
ഇതിനെതിരെ ഒക്ടോബർ 20ന് ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോൻ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. മതസ്പർധ വളർത്തുന്നതാണ് ഇവരുടെ പോസ്റ്റെന്നായിരുന്നു പരാതി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നും സൈബർസെല്ലിന്റെ സഹായത്തിലായിരിക്കും അന്വേഷണം. ഇവർക്കു പിന്നിൽ ആരൊക്കെയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ ബി. രാധാകൃഷ്ണമേനോൻ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
തുലാമാസ പൂജയ്ക്ക് നട തുറന്നിരുന്നപ്പോൾ രഹന ഫാത്തിമ ദർശനത്തിനെത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോലീസ് വേഷം അണിഞ്ഞ് വലിയ നടപ്പന്തൽവരെ ഇവർ എത്തിയിരുന്നു. പ്രതിഷേധത്തേതുടർന്ന് തിരികെപ്പോരികയായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റും വിവാദങ്ങളും ഉടലെടുത്തത്.