കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരന്പരയിൽനിന്ന് അജിങ്ക്യ രഹാനയെ ഒഴിവാക്കിയ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ടീം മുൻ നായകൻ സൗരവ് ഗാംഗുലി. രഹാനെയെ ഒഴിവാക്കിയത് ക്രൂരമായ തീരുമാനമാണെന്ന് ഗാഗുലി അഭിപ്രായപ്പെട്ടു.
രഹാനെയെ ഒഴിവാക്കുകയും ശ്രേയസ് അയ്യർ, അന്പാട്ടി റായിഡു, സിദ്ധാർഥ് കൗൾ എന്നിവർക്ക് ഇടം നൽകുകയും ചെയ്ത ബിസിസിഐ തീരുമാനമാണ് ഗാഗുലിയെ ചൊടിപ്പിച്ചത്. അന്പാട്ടി റായിഡുവിനു മുന്പേ ഇപ്പോഴും ഞാൻ രഹാനയെ തെരഞ്ഞെടുക്കും. പന്ത് നന്നായി സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിൽ രഹാനയ്ക്കാണു മുൻതൂക്കം.
ഇംഗ്ലണ്ടിൽ രഹാനയ്ക്കു മികച്ച റിക്കാർഡാണുള്ളത്- ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് സ്ഥാനം ലഭിച്ചതിനെ സ്വാഗതം ചെയ്ത ഗാംഗുലി എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ യുവ താരങ്ങൾക്ക് സ്ഥാനം നൽകിയില്ല എന്ന ചോദ്യവും ഉന്നയിക്കുന്നു.
ഐപിഎലിലെ മികച്ച പ്രകടനമാണ് അന്പാട്ടി റായിഡുവടക്കമുള്ള താരങ്ങൾക്ക് ടീമിലിടം നേടിക്കൊടുത്തത്. ചെന്നൈ സൂപ്പർ കിംഗ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത അന്പാട്ടി റായ്ഡുവിനെ കൂടാതെ ഹൈദരാബാദ് താരം സിദ്ധാർഥ് കൗൾ, ഡൽഹി നായകൻ ശ്രേയസ് അയ്യർ എന്നിവർ അപ്രതീക്ഷിതമായി ടീമിലെത്തുകയായിരുന്നു.