കൊച്ചി: ശബരിമല സന്ദർശനത്തിനുപോയ രഹന ഫാത്തിമയുടെ വീടാക്രമിച്ച കേസിൽ ഇനി പിടിയിലാകാനുള്ള ആളിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. വീടാക്രമിച്ച രണ്ടംഗ സംഘത്തിൽ ഒരാൾ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിർ റോഡ് ബാവൻസ് പുലിമുറ്റത്തുപറന്പ് പി.എ.ബിജു (47) ആണ് എറണാകുളം സൗത്ത് പോലീസിൽ കീഴടങ്ങിയത്.
ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകനായ അജീഷിനെയാണ് പോലീസ് തേടുന്നത്. അജീഷാണ് ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്നതെന്നാണ് ഇയാൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായും ഉടൻ പിടികൂടാൻ സാധിക്കുമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ചോദ്യം ചെയ്യാൻ ചില ബിജെപി പ്രവർത്തകരെ വിളിച്ചുവരുത്തിയതോടെയാണ് ബിജു കീഴടങ്ങിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും സംഭവസമയത്തു ബിജു ധരിച്ചിരുന്ന ഹെൽമറ്റും കണ്ടെടുത്തു. കഴിഞ്ഞ 19നു രാവിലെ ഏഴരയോടെ രഹന താമസിക്കുന്ന പനന്പിള്ളിനഗർ എസ്ബിഐ അവന്യൂവിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനുനേരേയായിരുന്നു സംഘത്തിന്റെ ആക്രമണം.