കൊച്ചി: ശബരിമല ദർശനത്തിനായി സന്നിധാനത്തെ നടപ്പന്തൽ വരെയെത്തിയ നടിയും മോഡലും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ കൊച്ചിയിലെ വസതിക്കുനേരേ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി പോലീസ്.
ആക്രമണം നടത്തിയവരെ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ഇരുവരും നഗരത്തിനു സമീപമുള്ളവരാണെന്നാണു സൂചന. ആക്രമികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല.
ആക്രമണത്തിനുശേഷം രണ്ടംഗസംഘം രക്ഷപ്പെടുന്നത് ചിലർ കണ്ടിരുന്നെങ്കിലും ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് ആക്രമികൾ എത്തിയ വാഹനം കണ്ടെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നുവെന്നാണു വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു രഹന താമസിക്കുന്ന പനന്പിള്ളിനഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനുനേരേ ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. പൂട്ടിക്കിടന്ന വീടിന്റെ സിറ്റൗട്ടിലെ ജനാല ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ വരാന്തയിലുണ്ടായിരുന്ന കസേര, വ്യായാമത്തിനുള്ള സൈക്കിൾ, പാചകവാതക സിലിണ്ടർ എന്നിവ പുറത്തെടുത്തിട്ട നിലയിലായിരുന്നു.