ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാംവഴി വശീകരിച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിലായി.
പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്നും അറസ്റ്റ് ചെയ്തത്.
ഹൈസ്കൂൾ വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി ഇൻസ്റ്റാഗ്രാംവഴി സൗഹൃദം സ്ഥാപിച്ചത്.
തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.