മേലുകാവ്: മൂന്നു വർഷം മുന്‍പ് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ് ഈ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വീണ്ടും അറസ്റ്റിലായി.
കടനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. പോക്സോ കേസിൽ മൂന്നു വർഷം മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസായി.
പീഡനത്തിനിരയായ പെണ്കുട്ടിയോടൊപ്പമാണ് ഈ യുവാവ് ഇപ്പോൾ താമസിക്കുന്നതെങ്കിലും ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുന്‍പും ഇതിന്റെ വാദം ഉണ്ടായിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് അനുജത്തിയെയും പീഡിപ്പിച്ചതായി വ്യക്തമായത്.
മേലുകാവ് സിഐ ജോസ് കുര്യന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും കഴിഞ്ഞ ദിവസം പ്രതി ജിഷ്ണുവിനെ (31) പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പോക്സോ കേസിലാണ് അറസ്റ്റ്. വിശദമായി ചോദ്യം ചെയ്തശേഷം ഇന്നലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.