മുക്കം: മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ വയനാട് എംപി രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ.
40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തത്കാലം ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ സെക്രട്ടറി ജില്ലാ കളക്ടര്‍ക്കും ജില്ലാ പ്ലാനിംഗ് ഓഫിസർക്കും കത്തയച്ചു.
സിഎച്ച്സിയുടെ മാസ്റ്റർ പ്ലാൻ തയാറായി കൊണ്ടിരിക്കുന്നതിനാൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക തനത് വർഷം ചിലവഴിക്കാൻ സാധിക്കുകയില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.
മുക്കം നഗരസഭ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർ രാഹുൽഗാന്ധി എം.പിക്ക് കത്ത് നൽകിയിരിക്കുകയാണ്.
മുക്കം നഗരസഭയുടെ നടപടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏറെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആശ്വാസമായായിരുന്നു രണ്ടുവർഷം മുമ്പ് രാഹുൽ ഗാന്ധിയുടെ 2019 -20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കെട്ടിട നിർമാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നത്.
ഫണ്ട് അനുവദിച്ച് ഒരുമാസത്തിന് ശേഷം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി രാഹുൽഗാന്ധി അനുവദിച്ച തുക കെട്ടിട നിർമാണത്തിന് വേണ്ടെന്നും അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും തീരുമാനമെടുത്തത് വിവാദമായിരുന്നു.
പിന്നീട് എംപി ഫണ്ട് കേന്ദ്രസർക്കാർ പുനഃസ്ഥാപിച്ചപ്പോൾ 2021 ഓഗസ്റ്റ് 27ന് വീണ്ടും അതേ തുക തന്നെ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ നഗരസഭ ക്യാൻസൽ ചെയ്യാൻ പറഞ്ഞത്.