ന്യൂഡൽഹി/കണ്ണൂർ/കോഴിക്കോട്/കൊല്ലം: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ മൂന്നു മലയാളികൾ അറസ്റ്റിലായി. മുഹമ്മദ് അമീൻ, മുഷാബ് അനുവർ, ഡോ. റ ഹീസ് റഷീദ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
കേരളത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ എട്ടിടത്തും, ബംഗളൂരുവിൽ രണ്ടിടത്തും, ഡൽഹി ജാഫ്രാബാദിൽ 11 സ്ഥലങ്ങളിലും നടന്ന റെയ്ഡിനുശേഷമായിരുന്നു അറസ്റ്റ്.
മുഹമ്മദ് അമീന്റെ നേതൃത്വത്തിലുള്ള സംഘം ടെലിഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരപ്രവർത്തനത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലെയും കർണാടകയിലെയും ചില നേതാക്കളെ വധിക്കാനും ഭീകരപ്രവർത്തനത്തിനായി കാഷ്മീരിലേക്കു മതപരമായ കുടിയേറ്റം നടത്താനും അമീന്റെ സംഘം പദ്ധതിയിട്ടിരുന്നു.
2020 മാർച്ചിൽ ബഹ്റൈനിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ അമീൻ ഉടൻതന്നെ കാഷ്മീർ സന്ദർശിച്ചിരുന്നു.
ഐഎസുമായി ബന്ധമുള്ള കാഷ്മീരിലെ സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ ഇയാൾ രണ്ടുമാസം ഡൽഹിയിൽ തന്പടിച്ചിരുന്നു.
കണ്ണൂരിൽ ധനലക്ഷ്മി ആശുപത്രിക്കു സമീപമുള്ള മൂന്നു വീടുകളിലാണു റെയ്ഡ് നടന്നത്. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് റെയ്ഡ് തുടങ്ങിയത്.
അതീവരഹസ്യമായാണ് പരിശോധന നടത്തിയത്. പരിശോധനാസ്ഥലത്തു പോലീസിനെ പ്രവേശിപ്പിച്ചില്ല. വീടിന്റെ അകത്തും പുറത്തും തോക്കേന്തിയ കമാൻഡോകൾ നിലയുറപ്പിച്ചിരുന്നു. ഉച്ചയോടെ പരിശോധന അവസാനിച്ചു.
എൻ ഐഎയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ കാസർഗോഡ് ജില്ലയിലെ പടന്ന പോസ്റ്റ് ഓഫീസ് പരിസരത്തെയും ടൗണിലെയും ചില വീടുകളിലെത്തി റെയ്ഡ് നടത്തിയത്. വിദേശത്തുള്ള ഒരു യുവാവിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.
തൃക്കരിപ്പൂരിലും പടന്നയിലുമായി 15 പേർ ഐഎസിലെത്തിയതായി എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചശേഷം ഇവിടെ ആദ്യമായാണ് റെയ്ഡ് നടക്കുന്നത്.
മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
പോപ്പുലർ ഫ്രണ്ട് തേഞ്ഞിപ്പലം ഏരിയാ പ്രസിഡന്റ് ഹനീഫ ഹാജിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
ഇവരുടെ മരുമകൻ വെളിമുക്കിലെ രാഹുൽ അബ്ദുള്ളയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി.
ചേളാരിയിൽ വീടിനു മുന്നിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുമായുള്ള വാക്കുതർക്കം നേരിയ സംഘർഷത്തിനും ഇടയാക്കി.
ഇന്നലെ പുലർച്ചെ മൂന്നിയൂർ വെളിമുക്ക് സ്വദേശിയായ രാഹുൽ അബ്ദുള്ളയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു ഇയാളുടെ ഭാര്യാപിതാവായ ചേളാരിയിലെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് ഹനീഫ ഹാജിയുടെ വീട്ടിലെ റെയ്ഡ്.
രാഹുൽ അബ്ദുള്ളയുടെ വീട്ടിൽനിന്ന് ഒരു ലാപ്ടോപ്പും സിം കാർഡും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കരുനാഗപ്പള്ളി ഓച്ചിറയിൽ നടത്തിയ റെയ്ഡിലാണ് ഡോ. റഹീസ് റഷീദിനെ അറസ്റ്റ് ചെയ്തത്. മേമന മാറനാട്ടുവീട്ടിൽ റഷീദ് -ഹയറുന്നിസ ദമ്പതികളുടെ മകനാണ് റഹീസ്.
കൊല്ലം അഞ്ചലിലും എൻഐഎ റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണു കൊച്ചി യൂണിറ്റിൽ നിന്നുള്ള എട്ടംഗ എൻഐഎ സംഘം ഡോ. റഹീസ് റഷീദിന്റെ വീട്ടിലെത്തിയത്.
ബംഗളൂരുവിൽ ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോ. റഹീസ് റഷീദ് ഒൻപത് വർഷമായി ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ബംഗളൂരുവിലെ ഡെന്റൽ കോളജിൽ പഠിച്ച ഇയാൾ ബംഗളൂരു സ്വദേശിയായ സഹപാഠിയെ വിവാഹം കഴിച്ച് അവിടെ വർഷങ്ങളായി ക്ലിനിക്ക് നടത്തി വരികയാണ്.
രാവിലെ ആരംഭിച്ച റെയ്ഡ് ഉച്ചകഴിഞ്ഞ് മുന്നിനാണ് അവസാനിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.