റിയാദ്: സൗദിഅറേബ്യയില്‍ ജയിലില്‍ കഴിയുന്ന മകന് അബ്ദുള്‍ റഹിമിനെ ജയിലില്‍പ്പോയി കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉമ്മ ഫാത്തിമ. മകന്റെ മോചനം മാത്രമാണ് ഇപ്പോള്‍ ആഗ്രഹം. അതിനുവേണ്ടിയാണ് ഉള്ളുരുകി പ്രാര്‍ഥിക്കുന്നതെന്ന് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ഫാത്തിമ പറഞ്ഞു.
ഈ മാസം 17നാണ് റഹിമിന്റെ കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുല്‍ റഹിമിന്റെ മോചനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം മാറി. തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു. റിയാദിലെ റഹീം നിയമസഹായസമിതി വലിയസേവനമാണ് നടത്തിയത്. റഹീമിന്റെ ജയില്‍മോചനവുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തവരോടു നന്ദിയുണ്ട്.
സൗദിയില്‍ എത്തിയിട്ട് 15 ദിവസം കഴിഞ്ഞു. റഹീമിനെ കാണാന്‍ മുന്‍പ് രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഉംറ വിസയിലാണ് സൗദി യിലെത്തിയത്. ഉംറ നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ 17 വര്‍ഷത്തോളം റഹീമിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഒരുവര്‍ഷമായി വിവരങ്ങള്‍ ലഭിക്കുന്നില്ല. റഹീമിന്റെ മോചനത്തിനാവശ്യമായ തുക ശേഖരിക്കാനാണ് രേഖകള്‍ തങ്ങള്‍ പുറത്തുവിട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കാതിരിക്കുന്നത്.
രേഖകള്‍ കാണിക്കാതെ മോചനത്തിന് വലിയതുക വേണ്ടിവരുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്നു അവര്‍ ചോദിച്ചു. കഴിഞ്ഞ ഏഴുമാസമായി റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് സൗദിയിലെത്തിയതെന്നും റഹീമിന്റെ സഹോദരന് നസീര്‍ പറഞ്ഞു.