തൃശൂർ: വലിയ സ്ഥാപനങ്ങളുടെ എംഡിയാണെന്നു പരിചയപ്പെടുത്തി ജ്വല്ലറികളിൽനിന്നു സ്വർണത്തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി വടക്കേപ്പുര റാഹിൽ(25) ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്.
തൃശൂർ പുത്തൻപള്ളിക്കു സമീപത്തെ ജ്വല്ലറിയിൽനിന്ന് അഞ്ചു പവന്റെ സ്വർണനാണയങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. വൻകിട ഹോട്ടലുകളിൽ മുറിയെടുത്തശേഷം ജ്വല്ലറികളിലേക്കു ഫോണിൽ വിളിച്ചു സ്വർണനാണയം ഓർഡർ ചെയ്തു വരുത്തി തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.
ജനുവരി 29നായിരുന്നു കേസിനാസ്പദമായ തട്ടിപ്പ്. തട്ടിപ്പിനെക്കുറിപ്പ് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: ശക്തൻ സ്റ്റാൻഡിനു സമീപത്തെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ഇന്റർനെറ്റിൽനിന്നു ജ്വല്ലറിയുടെ നന്പർ തേടിപ്പിടിച്ചു വിളിച്ചു.
പ്രമുഖ കന്പനിയുടെ എംഡിയാണെന്നും ജീവനക്കാർക്കു സമ്മാനിക്കാൻ ഒരു പവൻ വീതം തൂക്കമുള്ള അഞ്ചു സ്വർണനാണയങ്ങൾ എത്തിക്കാനും ഓർഡർ നൽകി. ജ്വല്ലറി ജീവനക്കാർ ഓർഡർ അനുസരിച്ച് സ്വർണനാണയങ്ങളുമായി ഹോട്ടലിൽ എത്തി.
തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈവശം സ്വർണനാണയം ഏല്പിക്കാനായിരുന്നു “എംഡി’യുടെ നിർദേശം. സെക്രട്ടറിയുടെ വേഷത്തിൽ റാഹിൽതന്നെയാണ് ജ്വല്ലറി ജീവനക്കാരുടെ അരികിലെത്തിയത്.
എംഡിയെ നാണയങ്ങൾ കാണിച്ചശേഷം പണവുമായി വരാമെന്നു പറഞ്ഞു റാഹിൽ ലിഫ്റ്റിൽ കയറി മുകളിലേക്കുപോയി. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ ജീവനക്കാർ നെടുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ തട്ടിപ്പുകേസുകളിൽ നേരത്തേയും ഇയാൾ പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
നെടുപുഴ സിഐ എ.വി. ബിജു, എസ്ഐ കെ. സതീഷ് കുമാർ, ഷാഡോ പോലീസ് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റണ്, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, രാജൻ, എഎസ്ഐമാരായ ഗോപാലകൃഷ്ണൻ, പി. രാഗേഷ്, ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.