കഴക്കൂട്ടം: കഷ്ടപ്പാടിന്റെ വഞ്ചി തുഴഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കാൻ പൊരുതുകയാണ് റഹിം എന്ന പതിനഞ്ചുകാരൻ. കഠിനംകുളം, ചേരമാൻ തുരുത്ത് ഗവ.എൽപി സ്കൂളിന് സമീപം ഒറ്റമുറി കടയിൽ വാടകക്ക് താമസിക്കുന്ന ഇക്ബാൽ ഷൈലജ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനായ പുതുകുറുച്ചി സെന്റ് മൈക്കിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്കാരനായ റഹിമാണ് കുടുംബത്തിന്റെ അത്താണിയായിരുന്ന പിതാവ് അനാരോഗ്യത്തിന്റെ പിടിയിലായതോടെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റുന്നത്.
പിതാവ് ചെയ്തുവന്നിരുന്ന മത്സ്യബന്ധന ജോലിയിലൂടെയാണ് ഇപ്പോൾ പഠനത്തിനിടയിൽ കൂടി റഹീം പണം സമ്പാദിച്ചു കുടുംബത്തെ പോറ്റുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടകക്കടമുറിയിലാണ് സഹോദരിയും ഉമ്മയും വാപ്പയുമടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത്. എട്ട് വയസുള്ളപ്പോൾ മത്സ്യത്തെ വലയിലാക്കുന്നത് കാണാനുള്ള ആഗ്രഹത്താൽ പിതാവിനോടൊപ്പം കൂടിയതാണ് റഹിം. വീട്ടിലെ ദാരിദ്രം കാരണം മത്സ്യ ബന്ധനത്തിന് പോകേണ്ടതിനാൽ റഹീമിന് മിക്ക ദിവസവും സ്കൂളിൽ പോകാൻ കഴിയാറില്ല.
എന്നാൽ പഠനത്തിൽ മിടുക്കനായ റഹ്മാനോട് അധ്യാപകർക്കെല്ലാം നിറഞ്ഞ വാത്സല്യമാണ്. നേരം പുലരുന്നതിന് മുൻപ് വഞ്ചിയുമായി തുഴഞ്ഞ് കഠിനംകുളം കായലിന്റെ ഓളങ്ങളിൽ കൂട്ടുകാരുമായി പോയി വലയെറിഞ്ഞ് തിരിച്ച് മത്സ്യവുമായി റഹീമെത്തുന്പോൾ മിക്ക ദിവസങ്ങളിലും സമയം ഉച്ചയാകും.പലപ്പോഴും മത്സ്യങ്ങൾ കിട്ടാതെ വരുമ്പോഴാണ് നേരം വൈകുന്നത്. സമയമെടുത്ത് വല വീശിയാലും മത്സ്യങ്ങളുടെ ലഭ്യത പലപ്പോഴും കുറവായിരിക്കുമെന്നാണ് ഈ കുരുന്ന് പറയുന്നത്.
കഠിനാധ്വാനത്തിലൂടെ ലഭിക്കുന്ന മത്സ്യം തൊട്ടടുത്ത പ്രദേശമായ പെരുങ്ങുഴിയിലെത്തിച്ച് വിറ്റ് കിട്ടുന്ന ചെറുതുകയാണ് പിതാവിന്റെ ദൈനം ദിനാവിശ്യത്തിനുള്ള മരുന്നും വീട്ടിലെ ചിലവും തന്റെയും സഹോദരിയുടെയും പഠന ചെലവിനുമായി ഉപയോഗിക്കുന്നത്. മീൻ കിട്ടാത്ത ദിവ സങ്ങളിൽ ഈ നാലംഗ കുടുംബം പട്ടിണിയിലുമാണ്. രണ്ട് ദിവസം കൂടി കഴിയുബോൾ റഹിമിന് മോഡൽ പരീക്ഷ തുടങ്ങുകയാണ്.അത് കഴിഞ്ഞാൽ പൊതു പരീക്ഷയും.
ദുരന്തം നിറഞ്ഞ ഈ ജീവിത യാത്രയിൽ പത്താം ക്ലാസ് മറികടക്കാനായി വൈദ്യതിയില്ലാത്ത ഒറ്റമുറിയിലിരുന്ന്ചിമ്മിനി വെട്ടത്തിൽ റഹിം പഠനം തുടരുകയാണ് നാളേക്കു വേണ്ടി.സഹപാടികളെല്ലാം ആർത്തുല്ലസിച്ച് നടക്കുമ്പോഴും യാതൊരു പരാതിയുമില്ലാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുകയാണ് ഈ കുരുന്നു ബാല്യം.