നൗഷാദ് മാങ്കാംകുഴി
കായംകുളം: ഭാഗ്യം തുണയായപ്പോൾ മലയാളി യുവാവിനു വിദേശത്തു ലഭിച്ച ജയിൽശിക്ഷയിൽ ഇളവ് ലഭിച്ചു. വീട്ടുകാരുടെ പ്രാർഥനയ്ക്കൊപ്പം ജനപ്രതിനിധികളുടെയും പ്രവാസികളുടെയും ഇടപെടൽ കൂടിയായപ്പോൾ മോചനം യാഥാർഥ്യമായി.
കായംകുളം എരുവ മരങ്ങാട്ട് തെക്കേത്തറ വീട്ടിൽ അബ്ദുൽ റഹിം(38)ആണ് ബഹ്റൈൻ ജയിലിലെ 11 മാസത്തെ ജയിൽവാസ ശേഷം മോചിതനായി ഇന്നലെ നാട്ടിലെത്തിയത്. കഴിഞ്ഞ ബലി പെരുന്നാളിനു ജയിലിൽ കഴിയുന്ന തടവുകാർക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചപ്പോൾ അക്കൂട്ടത്തിൽ റഹീമിനെയും ഭാഗ്യം തുണയ്ക്കുകയായിരുന്നു.
2016 ഒക്ടോബർ 26ന് ബഹ്റൈനിലെ അൽബ റൗണ്ട് എബൗട്ടിനു സമീപം റഹിം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു ബഹ്റൈൻ പൗരൻ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് റഹിമിനു മൂന്നു വർഷത്തെ ജയിൽശിക്ഷയും ഒരു വർഷത്തേക്കു ലൈസൻസ് റദ്ദ് ചെയ്തും ബഹ്റൈൻ കോടതി വിധിച്ചത്.
ഭർത്താവിന്റെ മോചനം തേടി റഹീമിന്റെ ഭാര്യ നജിമോൾ പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തോടെ പ്രവാസി സാമൂഹ്യപ്രവർത്തകൻ ബഷീർ അന്പലായിയെ ബന്ധപ്പെടുകയും ഇദ്ദേഹം ഇന്ത്യൻ എംബസി, ബഹ്റൈൻ മതകാര്യവകുപ്പ്, റോയൽ കോർട്ട് എന്നിവടങ്ങളിൽ ദയാഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ എത്തിയപ്പോൾ അപേക്ഷയും നൽകി.
റഹീമിനു നാട്ടിലേക്കുള്ള യാത്രാടിക്കറ്റ് എടുത്ത് സഹായിച്ചത് ബഹ്റൈൻ മലയാളി ബിസിനസ് ഫോറമാണ്. എന്നാൽ, റഹീമിന്റെ ബഹ്റൈനിലെ ഖഫീലായ മുഹമ്മദ് ഈസാ ഖൽഫാൻ വലിയ സഹായങ്ങൾ റഹീമിനു ചെയ്തു നൽകി. കേസിൽ അഭിഭാഷകനെ നിയമിക്കാൻ സഹായിക്കുകയും റഹിം ജയിലിൽ ആയപ്പോൾ ഓരോ മാസവും കുടുംബത്തിനു ചെലവിനുള്ള പണം നാട്ടിലേക്ക് അയച്ചു നൽകിയും ഖഫീൽ സഹായിച്ചു. പിതാവിനെ കണ്കുളിർക്കെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റഹീമിന്റെ മക്കളായ ബിലാലും ഹസനും ഹുസൈനും.