വടകര: ഗസലുകള്‍ ആലപിച്ച് ആസ്വാദക ഹൃദയം കീഴടക്കിയ കസ്റ്റംസ്റോഡിനു സമീപം തൈക്കണ്ടിയില്‍ റഹീം (54) ഏവരേയും ദുഃഖത്തിലാഴ്ത്തി യാത്രയായി. ഗസലിനോട് അതിയായ അഭിനിവേശം പ്രകടിപ്പിച്ചിരുന്ന റഹീം നിരന്തരം ഗസലുകള്‍ ആലപിച്ച് ഈ രംഗത്ത് സജീവസാന്നിധ്യം അറിയിച്ച കലാകാരനായിരുന്നു. പൊടുന്നനെയാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം റഹീമിനെ തട്ടിയെടുത്തത്.
നാലാള് അറിയണമെന്ന് ഒട്ടും ആഗ്രഹിക്കാതെ മെഹ്ഫില്‍ പോലുള്ള ചെറു സദസുകളില്‍ സ്ഥിരമായി പാടുക എന്നതായിരുന്നു റഹീമിന്റെ രീതി. ഗസല്‍ രാജാവ് എന്നു വിശേഷിപ്പിക്കുന്ന മെഹ്ദി ഹസന്റെ പാട്ടുകളെ താലോലിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്ത റഹീം ഗസല്‍ പാടുന്നുണ്ടെങ്കില്‍ അത് മെഹ്ദി ഹസന്റേത് മാത്രമെന്ന നിലപാടുകാരനായിരുന്നു. പ്രണയവും വിഷാദവും ഇഴ ചേര്‍ന്ന പാട്ടുകള്‍ ആസ്വാദകരെ എളുപ്പം കീഴ്പെടുത്തി.
താഴെഅങ്ങാടിയിലും വടകരയുടെ സമൂപ പ്രദേശത്തുമായി ചെറുസദസുകളില് റഹീമും കൂട്ടരും പതിവായി ഗസല്‍ ആലപിച്ചുപോന്നു. സൂഹൃത്തുക്കളുടെ ഒത്തുകൂടലില്‍ നിന്നാണ് മെഹ്ഫിലുകളിലേക്ക് നീങ്ങിയിരുന്നത്. ഇതിനു റഹീം ഏറെ മുന്‍കൈ എടുത്തു.
പല ചാനലുകളിലും റഹീമിന്റെ ആലാപനം സംപ്രേഷണം ചെയ്തിട്ടുണ്ട്. എവിടെ ഗസല്‍ മേളമുണ്ടോ അവിടെയൊക്കെ റഹീമും കൂട്ടരും എത്തിയിരുന്നു. മണിക്കൂറുകളോളം ഇതിനായി ചെലവിട്ടു. ഷഹബാസ് അമനുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. അദ്ദേഹം അടുത്ത ദിവസം ഗസലിനു വടകരയിലെത്തുന്ന സന്തോഷത്തിലായിരുന്നു റഹീം. മെഹ്ദി ഹസന്റെപാട്ടുകള് പാടി റിക്കാര്‍ഡ് ചെയ്യണമെന്ന മോഹം റഹീം സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇതിനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മരണമെത്തിയത്.
ദീര്‍ഘകാലം പ്രവാസിയായിരുന്ന റഹീം പിന്നീട് നാട്ടില്‍ ബിസിനസ് രംഗത്തെത്തി. ഇതില്‍ വേണ്ടത്ര ശോഭിക്കാനായില്ല. ഈയിടെയായി കാസര്ഗോടായിരുന്നു ജോലി. നാട്ടിലെത്തി മടങ്ങുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായതും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണമടയുന്നതും. നസീമ ഭാര്യയും ശാദിയ, ഷെഹിന് (മസ്ക്കത്ത്), ഫാത്തിമ, ആയിഷ എന്നിവര്‍ മക്കളുമാണ്. മകള്‍ ഫാത്തിമ ഗസല്‍ ഗായികയാണ്.
റഹീമിന്റെ മരണവാര്‍ത്തയറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നിരവധി പേരാണ് അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. താഴെഅങ്ങാടി വലിയജുമുഅത്ത് പള്ളി ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.