മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
റിനിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വാളേരി പുതുപറന്പിൽ റഹിം (53) ആണ് അറസ്റ്റിലായത്.
റിനിയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തതോടെ റഹിം ഒളിവിൽ പോയിരുന്നു.
ഇയാളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി സിഐ അബ്ദുൾ കരീം, എസ്ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാൾ നൽകിയ പാനീയം കുടിച്ചതോടെയാണ് റിനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതും തുടർന്ന് മരണം സംഭവിച്ചതുമെന്നാണ് പരാതി. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
കൂടാതെ മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പീഡനശ്രമത്തിനും കേസെടുത്തു. ഈ മാസം 18നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഗുരുതരാവസ്ഥയിലായതിനാൽ 19 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 20 ന് രാവിലെ അഞ്ച് മാസം പ്രായമുള്ള ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകുകയും മണിക്കൂറുകൾക്കകം റിനി മരിക്കുകയും ചെയ്തു.