കരുനാഗപ്പള്ളി : കുലശേഖരപുരത്ത് കുഴഞ്ഞുവീണ് മരിച്ച സ്ത്രീക്ക് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കുലശേഖരപുരം കടത്തൂർ മണ്ണടി്ശേരിൽ കൊട്ടിലിൽ വീട്ടിൽ റഹിയാനത്ത് (55) ആണ് മരിച്ചത്.
രാവിലെ ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഏതാനും ദിവസങ്ങളായി വീട്ടിലുള്ളവർക്ക് പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതായി മനസിലാക്കിയതിനെ ത്തുടർന്ന് ഇവരുടെ മകന്റെ സ്രവ പരിശോധന നടത്തി.ഇതും പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ ഭാര്യയും മക്കളുമുൾപ്പടെയുള്ളവരുടെ സ്രവവും പരിശോധനയിൽ അഞ്ചുപേർക്ക് പോസിറ്റീവായതോടെ പ്രദേശത്ത് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മരണം അറിഞ്ഞ് നിരവധിപേർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.
ഇവരെല്ലാം അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മരിച്ച സ്ത്രീകഴിഞ്ഞ രണ്ടു ദിവസം മുമ്പ് സന്ദർശനം നടത്തിയ വവ്വാക്കാവ് ജംഗ്ഷനിലെ ക്ലിനിക്ക് അധികൃതർ അടപ്പിച്ചു.
പ്രദേശത്തെ വഴികളും അടച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മുൻകരുതലും നിരീക്ഷണവും ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖകൃഷ്ണ കുമാറും സെക്രട്ടറി മനോജും അറിയിച്ചു.