വടക്കഞ്ചേരി: മോഷ്ടാക്കളിൽനിന്നും ആടുകളെ സംരക്ഷിക്കാൻ വീടിനുള്ളിൽ ആട്ടിൻ കൂടൊരുക്കിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ലൂർദ്്മാതാ പള്ളിക്കു പിറകിലുള്ള 73 കാരി റഹ്്മത്ത്. കഴിഞ്ഞ രാത്രിയിലും ഇവരുടെ വലിയ ആടിനെ ആരോ മോഷ്ടിച്ചു.
വീടിനോടു ചേർന്ന കൂട്ടിൽനിന്നാണ് കെട്ടിയിരുന്ന കയർ സഹിതം ആടിനെ മോഷ്ടിച്ചതെന്ന് റഹ്്മത്ത് പറഞ്ഞു. പതിനായിരം രൂപ വിലവരുന്ന ചെനയുള്ള ആടായിരുന്നു. ഇതുസംബന്ധിച്ച് റഹ്്മത്തിന്റെ ബന്ധുക്കൾ വടക്കഞ്ചേരി പോലീസിൽ പരാതി നല്കി.
മോഷ്ടാക്കളെ പേടിച്ച് റോഡിനോടു ചേർന്ന റഹ്്മത്തിന്റെ വീടുതന്നെ ഇപ്പോൾ ആടുകളുടെ വാസകേന്ദ്രമാക്കിയിരിക്കുകയാണ്. കട്ടിലിലും ബെഡ്റൂമിലും അടുക്കളയിലുമെല്ലാം ആടുകളാണ്. പകൽമുഴുവൻ ആടുകൾക്കൊപ്പം കഴിയുന്ന റഹ്്മത്ത് അന്തിയുറങ്ങാൻ സമീപത്തെ സഹോദരന്റെ വീട്ടിൽപോകും
.ആറു വലിയ ആടുകളും നാലു കുട്ടികളുമായി ഇപ്പോൾ പത്ത് ആടുകളുണ്ട്. തനിച്ച് താമസിക്കുന്ന റഹ്്മത്തിന്റെ വരുമാനമാർഗവും ആടുവളർത്തലിലൂടെയാണ്.പണത്തിന് അത്യാവശ്യം വന്നാൽ ഒന്നോ രണ്ടോ ആടിനെ വില്ക്കും. കഴിഞ്ഞ അറുപതുവർഷത്തിലേറെയായി ആടുകൾക്കൊപ്പമാണ് റഹ്്മത്ത്.
റഹ്്മത്തിന് പതിമൂന്നുവയസുള്ളപ്പോൾ ജ്യേഷ്ഠൻ അബ്ദുൾ റസാക്ക് രണ്ട് ആടിനെ വാങ്ങിക്കൊടുത്തതായിരുന്നു. ഒഴിവുസമയം ആദായകരമാക്കാൻ തുടങ്ങിയ ആടുകൃഷി പിന്നീട് ജീവിതമാർഗമായി മാറി.ഇതിനുമുന്പും ഇവരുടെ ആടിനെ മോഷ്ടിച്ചിട്ടുണ്ട്.
ഒരുതവണ ആട് മോഷ്ടാക്കളെ പോലീസ് പിടികൂടിയെങ്കിലും മറ്റു കേസ് നടപടികളിലേക്കു പോകാതെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് റഹ്്മത്തിന്റെ സഹോദരൻ പറഞ്ഞു.
ആടു മോഷ്ടാക്കളെ പിടികൂടണമെന്നാണ് റഹ്മത്തിന്റെ ആവശ്യം.