കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം.
ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയതായിരുന്നു മരിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്തും ബന്ധു നൗഫിഖ്.
തുടർന്ന് ജസീലയുടെ രണ്ട് വയസുള്ള മകൾ സഹ്റയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ മട്ടന്നൂരിലേക്ക് തിരിച്ചത്.
ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്റയുടെ വാപ്പ ഷുഹൈബ് നിലവിൽ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു.
പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് ഡിജിപി
തിരുവനന്തപുരം: ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഉടൻതന്നെ ഇയാളെ പിടികൂടാൻ സാധിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ഉത്തരമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്. ഐജി സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ശാസ്ത്രീയ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം, ഡിജിപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 11.30നുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിന് പുറപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന.
പ്രതി നോയിഡ സ്വദേശി..? നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന
കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന.
നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയാണ് പ്രതിയെന്നാണ് വിവരം. പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയുടെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ടതായാണ് സൂചന. ഇയാൾ കേരളത്തിലെത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമായിട്ടുള്ളുവെന്നാണ് വിവരം.
റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളിൽനിന്നാണ് പോലീസിന് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.
ബാഗിൽ എഴുതിവച്ച കുറുപ്പുകളിൽ വ്യക്തിപരമായ വിവരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.