പത്തനംതിട്ട: ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം തേടി രഹന ഫാത്തിമയുടെ അപേക്ഷ പോലീസ് സ്വീകരിക്കില്ല. പോലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിൽ രഹന നിയമപോരാട്ടത്തിനിറങ്ങും.
രഹനയുടെ അപേക്ഷയിൽ വിശദമായ നിയമോപദേശം തേടണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിരിക്കുന്ന മറുപടി. ഇതനുസരിച്ച് അപേക്ഷ മാറ്റിവച്ചതായാണ് സൂചന.
എന്നാൽ നിലവിലെ സാഹചര്യത്തിൽ രഹനയ്ക്ക് ദർശനാനുമതിയോ പോലീസ് സംരക്ഷണമോ നൽകേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് സൂചന. ദർശനം നടത്തേണ്ടവർ കോടതി ഉത്തരവുമായി വരട്ടെയെന്ന ദേവസ്വംമന്ത്രിയുടെ നിലപാടിനോടു പോലീസും പൂർണമായി യോജിച്ചിരിക്കുകയാണ്.
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയേ തുടർന്ന് 2018 ഒക്ടോബറിൽ തുലാംമാസ പൂജയ്ക്ക് നട തുറന്നപ്പോൾ രഹന ഫാത്തിമ ശബരിമല ദർശനത്തിനായി പോലീസ് വേഷത്തിൽ പുറപ്പെട്ടിരുന്നെങ്കിലും പ്രതിഷേധം കാരണം മടങ്ങിയിരുന്നു. കൊച്ചിയിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ ഇവർ ഇത്തവണ കുടുംബസമേതം ശബരിമല ക്ഷേത്രദർശനത്തിനു വരുന്നുണ്ടെന്നും പ്രതിഷേധം ഉണ്ടായാൽ സംരക്ഷണം വേണമെന്നുമാണ് അപേക്ഷ.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നൽകിയ അപേക്ഷ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനു വേണ്ടി കൈമാറിയിരുന്നു. എന്നാൽ അപേക്ഷയിൽ വിശദമായ നിയമോപദേശം വേണ്ടതിനാൽ സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു നൽകിയതായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞതവണ ശബരിമല ദർശനത്തിനെത്തിയ രഹന ഫാത്തിമയ്ക്കുനേരെ പന്പ മുതൽ വൻ പ്രതിഷേധം ഉണ്ടായി. തുടർന്ന് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇവരെയും വനിതാ മാധ്യമ പ്രവർത്തക കവിതയെയും പോലീസ് വേഷം അണിയിച്ച് സന്നിധാനം നടപ്പന്തൽവരെ എത്തിച്ചുവെങ്കിലും പ്രതിഷേധം കാരണം മടങ്ങി.
ഭർത്താവും മൂത്ത ആൺകുട്ടിയും നേരത്തെതന്നെ ശബരിമലയിൽ പോയിട്ടുള്ളയാളാണെന്ന് രഹന നൽകിയിട്ടുള്ള അപേക്ഷയിൽ പറയുന്നു. ഇത്തവണ ഇവരോടൊപ്പം താനും ഒന്പതുവയസുള്ള മകളും ശബരിമലയിലേക്ക് വരുന്നുണ്ടെന്നും പന്പ മുതൽ സന്നിധാനം വരെ സുരക്ഷ വേണമെന്നുമാണ് ആവശ്യം