കൊച്ചി: നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമയുടെ വീട്ടിൽ പോലീസ് റെയ്ഡ്. ബാലാവകാശ കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് നടപടി. രഹ്ന സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല.
കുട്ടികൾക്ക് മുന്നിലുള്ള നഗ്നതാ പ്രദർശനം കൂടി ഉൾപ്പെട്ട സംഭവത്തിൽ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷൻ പോലീസിനോട് നിർദേശിച്ചിരുന്നു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
പനന്പള്ളിനഗറിൽ ഇവർ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. വീട്ടിൽനിന്നു കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്ടോപ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബർഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രം വരയ്ക്കാൻ വിട്ടുനൽകിയതിന്റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.