കോന്നി: പോക്സോ കേസില്‍ ഇരയായ പതിനാറുകാരി ജീവനൊടുക്കിയത് മാനസികസംഘര്ഷങ്ങളേ തുടര്‍ന്നെന്ന നിഗമനത്തില്‍ പോലീസ്.
ഇന്നലെരാവിലെയാണ് വീടിനുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ രണ്ടുമാസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.
പെണ്‍കുട്ടിയും അച്ഛനും മുത്തശിയും മാത്രമാണ് വീട്ടിലുള്ളത്. റബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കരുതുന്നു.
അച്ഛൻ ജോലിക്കു പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശി പറയുന്നു.
പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.
ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശി പറയുന്നു. കോന്നി പോലീസ് മേല്‍നടപടി സ്വീകരിച്ചു.