തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വിവാഹ വാഗ്്ദാനം നൽകി പീഡിപ്പിച്ച യൂവാവിനെ മെഡിക്കൽ കോളജ് സിഐയും സംഘവും പിടികൂടി. ആലപ്പുഴ കോമളപുരം പൂങ്കാവ് വലിയ തയ്യിൽ വീട്ടിൽ രാഹുൽ കൃഷ്ണ (27) നെയാണ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ബിഎസ്എൻഎൽ ജീവനക്കാരനായ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ് രാഹുൽകൃഷ്ണ. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾ തിരുവനന്തപുരത്തുള്ള ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയതിനുശേഷം വിവാഹം കഴിച്ചുകൊള്ളാമെന്ന് ഉറപ്പു നൽകിയാണ് പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ ടീച്ചർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും അവർ രക്ഷകർത്താക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പോലീസിന് ലഭിച്ച പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത വിവരം മനസിലാക്കിയ രാഹുൽ കൃഷ്ണ ഒളിവിൽപോവുകയായിരുന്നു. തുടർന്ന് പോലീസ് ആലപ്പുഴയിലുള്ള വസതിയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയതിൽ ഇയാളുടെ പുതിയ മൊബൈൽ നന്പർ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇടുക്കി കട്ടപ്പനയിലാണെന്ന് മനസിലാക്കി മെഡിക്കൽ കോളജ് പോലീസ് കട്ടപ്പനയിലെത്തി വിവിധ ലോഡ്ജുകളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഒളി സങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ്കുമാർ, മെഡിക്കൽ കോളജ് സിഐ സി. ബിനുകുമാർ, അഡീഷണൽ എസ്ഐ ബി.സാബു, എഎസ്്ഐ ജയശങ്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.