തിരുവനന്തപുരം: എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്. തന്റെ ഫേസ്ബുക്ക് പേജിലാണ് മഹേഷ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
കെ.പി.സി.സിയ്ക്ക് നാഥൻ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നുവെന്നും ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദത പാലിക്കുന്നെന്നും മഹേഷ് കുറ്റപ്പെടുത്തുന്നു.
ക്യാമ്പസുകളിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന കെ.എസ്.യുവിനെ പരസ്പരം മത്സരിപ്പിച്ച് പാർട്ടിയിലും, കെ.എസ്.യുവിലും മെമ്പർഷിപ്പ് എടുക്കും മുൻപേ ഗ്രൂപ്പിൽ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവൻ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു.
രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് രാഹുൽ ഗാന്ധി കണ്ണ് തുറന്ന് കാണണമെന്നും ഫേസ്ബുക്ക് പറയുന്നു.
കെ.എസ്.യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. കെ.എസ്.യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എൻ.എസ്.യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പർഷിപ്പുകളുടെ എണ്ണത്തിൽ എൺപത് ശതമാനവും അധികാരം പിടിക്കാൻ ഉണ്ടാക്കിയ വ്യാജ മെമ്പർഷിപ്പുകൾ മാത്രമാണ്.
ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ പ്രവർത്തിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ തമ്മിൽ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്കാരം അവസാനിപ്പിച്ചില്ലായെങ്കിൽ കനത്ത വില കൊടുക്കേണ്ടി വരും. സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് വിമർശനമുന്നയിക്കുന്നു.