കൽപ്പറ്റ: നുണകൾ പറഞ്ഞും വിദ്വേഷം പടർത്തിയുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും കൂട്ടരും നേട്ടമുണ്ടാക്കിയതെന്ന് എഐസിസി അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനു വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദിപറയാനെത്തിയ അദ്ദേഹം പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു തുറന്ന വാഹനത്തിൽ പ്രസംഗിക്കുമ്പോഴാണ് മോദിയെ കടന്നാക്രമിച്ചത്.
ദേശീയതലത്തിൽ വിഷലിപ്ത ഭരണത്തോടാണ് കോണ്‍ഗ്രസ് പോരടിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിക്കാൻ പകയും വിദ്വേഷവും കലർന്ന കൊടുംവിഷമാണ് മോദി പ്രയോഗിച്ചത്. ഇതിനു പുറമേയായിരുന്നു നുണപ്രചാരണം. കോണ്‍ഗ്രസ് സത്യത്തിനും നീതിക്കും സമാധാനത്തിനും ഒപ്പം നിൽക്കുന്ന പാർട്ടിയാണ്. മോദി പറഞ്ഞുനടക്കുന്ന നുണകൾക്കും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കുത്സിത തന്ത്രങ്ങൾക്കുമെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. അങ്ങേയറ്റം നീചമായ വികാര-വിചാരങ്ങളെയും പ്രവൃത്തികളെയുമാണ് മോദി പ്രതിനിധാനം ചെയ്യുന്നത്.
കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ളവർ മാത്രമല്ല, മണ്ഡലത്തിലെ എല്ലാ പാർട്ടികളിലും ഉൾപ്പെട്ടവർ തനിക്കു വോട്ടു ചെയ്തു. ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ട്. കോണ്‍ഗ്രസ് എംപിയാണെങ്കിലും തന്റെ വാതിൽ വയനാട് മണ്ഡലത്തിലെ ഓരോ പൗരന്റെയും മുന്നിൽ തുറന്നുകിടക്കും.
രാഷ്ട്രീയത്തിനും ജാതി-മത-പ്രാദേശിക ചിന്തകൾക്കും അതീതമായിരിക്കും ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനം. മണ്ഡലത്തിന്റെ പ്രശ്നങ്ങൾ കേൾക്കുകയും പഠിക്കുകയും പരിഹാരത്തിനു ശ്രമിക്കുകയുമാണ് തന്റെ ജോലി. ഇത് ആത്മാർഥമായി നിർവഹിക്കും. മണ്ഡലത്തിന്റെ പ്രശ്നങ്ങളും കേരളത്തിൽനിന്നുള്ള എംപി എന്ന നിലയിൽ സംസ്ഥാന വിഷയങ്ങളും ലോക്സഭയിൽ അവതരിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോണ്‍ഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.സി. റോസക്കുട്ടി, കെ.പി. അനിൽകുമാർ, എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, കെ.കെ. ഏബ്രഹാം തുടങ്ങിയവർ തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. നഗരത്തിൽ നടത്തിയ റോഡ് ഷോയ്ക്കു സമാപനംകുറിച്ചായിരുന്നു പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പ്രസംഗം.
കമ്പളക്കാട് കെൽട്രോണ്‍ വളവ്, പനമരം അഞ്ചുകുന്ന്, മാനന്തവാടി ഗാന്ധി പാർക്ക്, പുൽപ്പള്ളി ട്രാഫിക് ജംഗ്ഷൻ, ബത്തേരി ഗാന്ധി ജംഗ്ഷൻ എന്നിവിടങ്ങളിലും അദ്ദേഹം റോഡ് ഷോ നടത്തി വോട്ടർമാർക്കു നന്ദി പറഞ്ഞു. റോഡ് ഷോയ്ക്കിടയിലും അദ്ദേഹം ജനങ്ങളിൽനിന്നു നിവേദനങ്ങൾ സ്വീകരിച്ചു. ആറു കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ട നേതാവിനെ കാണാനും കേൾക്കാനുമെത്തിയത്.