ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗും വിവാഹിതരാകുന്നുവെന്ന വാർത്തകൾ പരക്കുന്നതിനിടെ ഇത് നിഷേധിച്ച് അദിതി തന്നെ രംഗത്തെത്തി. രാഹുൽ തനിക്ക് സഹോദരതുല്യനാണെന്നും ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പരന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.
അദിതിയുടെയും രാഹുലിന്റെയും ചിത്രങ്ങൾ ഉൾപ്പെടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തിൽ തന്നെ നടക്കുമെന്നായിരുന്നു വാർത്തകൾ. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങൾ കൂടി പരന്നതോടെ വാർത്തയുടെ വിശ്വാസ്യതയും വർധിച്ചു.
കഴിഞ്ഞ, തെരഞ്ഞെടുപ്പിൽ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയിൽ നിന്ന് കന്നിയങ്കത്തിൽ അദിതി വിജയിച്ചത്. 29-കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അഖിലേഷ് സിംഗിന്റെ മകളാണ് അദിതി.