പാലാ: സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരിക്കെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന റിട്ട. ഡിഐജി ടി.ജെ. ജേക്കബിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധിയെത്തി.
കഴിഞ്ഞ ദിവസം മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പൊന്‍കുന്നത്തു നിന്നും പാലായ്ക്ക് പോകും വഴിയാണ് രാഹുല്‍ ഗാന്ധി കുമ്പാനിയിലുള്ള തോപ്പില്‍ ടി.ജെ. ജേക്കബിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്.
പത്തു മിനിറ്റോളം ഇവിടെ ചെലവഴിച്ച് ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം പാലായ്ക്ക് യാത്ര തുടര്‍ന്നത്.
രാഹുല്‍ജി വീട്ടില്‍ വരുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്നു ജേക്കബ് പറഞ്ഞു. രാവിലെ പൊന്‍കുന്നത്ത് എത്തിയപ്പോഴാണ് പാലായ്ക്കുള്ള വഴിയില്‍ കുമ്പാനിയിലാണ് താന്‍ താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചറിയിച്ചത്.
തുടര്‍ന്ന് വീട്ടില്‍ കയറുന്നുണ്ടെന്ന് രാഹുല്‍ജി തന്നെ വിളിച്ചറിയിക്കുകയായിരുന്നു.
എസ്പിജി കമാന്‍ഡോ ആയിരിക്കെ അഞ്ചു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല വഹിച്ചിട്ടുള്ള ജേക്കബ് സിആര്‍പിഎഫ് ഡിഐജിയായി കാഷ്മീരില്‍ നിന്നു കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.