ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചിരിക്കെ സഹോദരി പ്രിയങ്ക ഗാന്ധിയുമായുള്ള ഊഷ്മള വീഡിയോ പങ്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാണ്‍പുർ വിമാനത്താവളത്തിൽ ഇരുവരും വന്നിറങ്ങിയപ്പോൾ പ്രിയങ്കയെ തമാശയ്ക്ക് കളിയാക്കുള്ള വീഡിയോയാണ് രാഹുൽ ഫേസ്ബുക്ക് ലൈവിൽ പങ്കുവച്ചത്.
ഇരുവരും പരസ്പരം തോളിൽ കൈവച്ച് സംസാരിച്ചശേഷം രാഹുലാണ് ലൈവിൽ സംസാരിച്ചത്: “നല്ല സഹോദരനായിരിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞു തരാം. ദീർഘദൂര യാത്രകളിൽ ചെറിയ ഹെലികോപ്റ്ററിൽ ഒതുങ്ങിയിരുന്നാണ് എന്റെ യാത്രകൾ. എന്നാൽ എന്റെ സഹോദരി ഹ്രസ്വയാത്രകളിൽ വലിയ വിമാനത്തിലാണ് യാത്ര നടത്തുന്നതെന്നും’ രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാഹുൽ ഇതു പറയുന്പോൾ പ്രിയങ്ക ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൈ തട്ടി മിണ്ടാതിരിക്കാനെന്നും പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണ് രാഹുലും പ്രിയങ്കയും ഇന്ന് പങ്കെടുക്കുന്നത്.