ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടൻ വിവേക് ഒബ്റോയി. രാഹുൽ ഗാന്ധിയുടെ കഥ സിനിമയാക്കണമെങ്കിൽ തായ്ലൻഡിൽ ഭൂരിഭാഗവും ഷൂട്ട് ചെയ്യേണ്ടിവരുമെന്നായിരുന്നു ഒബ്റോയിയുടെ പരിഹാസം.
പ്രധാനമന്ത്രിയുടെ കഥ സിനിമയാക്കിയപ്പോൾ പ്രധാന കഥാപാത്രമായി അഭിനയിച്ചതുപോലെ രാഹുലിന്റെ കഥയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഒബ്റോയി. അദ്ദേഹം എന്താണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും നടൻ ചോദിച്ചു. പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഒബ്റോയിയുടെ പരാമർശം.
തന്റെ സിനിമയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധവുമില്ലെന്നും എപ്പോൾ വേണമെങ്കിലും സിനിമ റിലീസ് ചെയ്യുക എന്നത് തന്റെ അവകാശമാണെന്നും ഒബ്റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണു താനെന്നും അദ്ദേഹം ഒരു ആവേശമാണെന്നും നടൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിച്ചചിത്രമാണ് പിഎം നരേന്ദ്ര മോദി. ചെറുപ്പകാലം മുതൽ പ്രധാനമന്ത്രി പദം വരെയുള്ള നരേന്ദ്ര മോദിയുടെ ഉയർച്ച ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണിറങ്ങുന്നത്. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയെ അവതരിപ്പിക്കുന്നത്. ഏപ്രിൽ അഞ്ചിന് സിനിമ പുറത്തിറങ്ങുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നതെങ്കിലും ഇത് ഈ മാസം പന്ത്രണ്ടിലേക്കു മാറ്റിയിരുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കുപ്രചരണ സിനിമയാണ് ഇതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസും ഡിഎംകെയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.