കൊച്ചി: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന് ഉപാധികളോടെ വീണ്ടും ജാമ്യം. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായ രാഹുലിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടുമാസം പമ്പയിൽ പ്രവേശിക്കരുത്, പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ.
ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കി രാഹുലിന്റെ വീണ്ടും അറസ്റ്റു ചെയ്തത്.