താൻ ഐകിഡോ ബ്ലാക്ക് ബെൽറ്റുകാരനാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ ഒരു പരിപാടിക്കിടെ പറഞ്ഞതായിരുന്നു കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. എന്നാൽ, ഐകിഡോ പരിശീലനത്തിലുള്ള രാഹുലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിരിക്കുന്നത്. അഭിനേത്രിയും മുൻ എംപിയും കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളുമായ ദിവ്യ സ്പന്ദനയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ആഴ്ച ഒളിന്പ്യൻ വിജേന്ദർ സിംഗ് ഉന്നയിച്ച ചോദ്യത്തിനാണ് താൻ ഐകിഡോ ബ്ലാക്ക് ബെൽറ്റാണെന്നു രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. ഇത് ജനങ്ങൾക്ക് അറിയില്ലെന്നും താനിതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയുള്ള ട്രോളുകളായി സമൂഹമാധ്യമങ്ങൾ ആഘോഷിച്ചതിനു പിന്നാലെയാണ് ജപ്പാനിലെ കായിക ഇനമായ ഐകിഡോ പരിശീലിക്കുന്നതിന്റെ വിവിധ ഫോട്ടോകൾ പുറത്തുവന്നത്.
കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് പരിശീലകൻ പരിതോഷ് കറിനൊപ്പം രാഹുൽ അഭ്യാസം നടത്തുന്ന ചിത്രം ട്വിറ്ററിൽ ആയിരത്തിലേറെ തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലെ പല പേജുകളിലും ഈ ഫോട്ടോകൾ ഷെയർ ചെയ്യപ്പെട്ടു. ട്രോളിയവർക്കും പരിഹസിച്ചവർക്കും സംശയമുണ്ടെങ്കിൽ ഈ ചിത്രങ്ങൾ പരിശോധിക്കാമെന്നും ട്വിറ്ററിലൂടെ ദിവ്യ സ്പന്ദന പറയുന്നു.
വളരെ എളുപ്പത്തിലാണ് രാഹുൽ ഐകിഡോ മുറകൾ സ്വായത്തമാക്കിയതെന്നു പരിശീലകൻ പരിതോഷ് കറും മാധ്യമങ്ങളോടു വ്യക്തമാക്കി.