കൽപ്പറ്റ: പ്രകൃതിദുരന്തത്തിന്റെ കെടുതികൾ നേരിടുന്നവർക്കു എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുമെന്നു വയനാട് പാർലമെന്റ് മണ്ഡലം എംപി രാഹുൽഗാന്ധി.
കളക്ടറേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടി മണ്ണിൽ പുതഞ്ഞ പുത്തുമല ഗ്രാമം, മേപ്പാടിയിലെ ദുരിതാശ്വാസ ക്യാന്പുകൾ എന്നിവിടങ്ങിലെ സന്ദർശനത്തിനുശേഷം കളക്ടറേറ്റിലെത്തിയ അദ്ദേഹം ദുരിതാശ്വാസ അവലോകനയോഗത്തിൽ പങ്കെടുത്തശേഷമാണ് മാധ്യമപ്രവർത്തകരെ കണ്ടത്.
പതിവിനു വിപരീതമായ എസ്പിജി-പോലീസ് പാസ് ഇല്ലാതെയാണ് മാധ്യമപ്രവർത്തകർ രാഹുൽഗാന്ധിക്കു മുന്നിലെത്തിയത്. പ്രകൃതിദുരന്ത ബാധിതർക്കു സാഹായം എത്തിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യോജിച്ച നീക്കം ഉണ്ടാകണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിച്ചിട്ടുണ്ട്.
കേരളത്തിൽ തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തികരമാണോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താനും വിഷയം രാഷ്ട്രീയവത്കരിക്കാനും ഇല്ലെന്നു അദ്ദേഹം പ്രതികരിച്ചു. വയനാടിനു മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് ശിപാർശ ചെയ്യുമോ എന്നു തിരക്കിയപ്പോൾ ആവശ്യമായ സഹായം ലഭ്യമാക്കാൻ ശക്തമായി ഇടപെടുമെന്നായിരുന്നു മറുപടി.
വീടും സ്വത്തും നഷ്ടമായവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം ലഭിക്കേണ്ടത്. വീടും കൃഷിയും മറ്റും നശിച്ചവർ ഭാവി ഇരുളടഞ്ഞെന്ന ആകുലതയിലാണ്. ഇതു അകറ്റാൻ ഭരണകൂടത്തിനു കഴിയണം.
ഉരുൾപൊട്ടിയും മറ്റും ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ അങ്ങേയറ്റം ആത്മാർഥയോടെ പങ്കുചേരുകയാണ്. എത്ര പണം നൽകിയാലും നഷ്ടങ്ങൾക്കു പരിഹാരമാകില്ല. കാണാതായവർക്കായുള്ള തെരച്ചിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഉൗർജിതമാക്കണമെന്നു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതിദുരന്തത്തിന്റെ തിക്തഫങ്ങളൈ ജാതിയും മതവും മറന്നു ആളുകൾ ഒറ്റക്കെട്ടായി നേരിടുന്നത് സന്തോഷകരമാണ്. എല്ലാവരും ഒപ്പമുണ്ടെന്നു ദുരിതബാധിതരെ ബോധ്യപ്പെടുത്തുന്ന വിധത്തിലാകണം പ്രവർത്തനങ്ങളെന്നും രാഹുൽഗാന്ധി പറഞ്ഞു.
കാഷ്മീർ വിഷയം സംബന്ധിച്ചും ചോദ്യം ഉയർന്നു. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെ കാഷ്മീർ പ്രശ്നം കൂട്ടിക്കുഴയ്ക്കാനില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.