കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കറുകച്ചാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുൽ (35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്.
സംഭവം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.രാഹുലിന്റെ തലയ്ക്കുള്ളിൽ സാരമായ പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ഇതാണ് കൊലപാതകമാണോയെന്ന സംശയത്തിനിടയാക്കിയത്. നെറ്റിയുടെ ഉൾവശത്ത് തലയോടിനോട് ചേർന്നാണ് മുറിവുള്ളത്. അതേസമയം തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ ഉണ്ടായതാണോ അതോ മറ്റേതെങ്കിലും തരത്തിൽ ഉണ്ടായതാണോയെന്ന കാര്യം വ്യക്തമല്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.വാഹനമോടിച്ചു വരുന്നതിനിടയിൽ കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ തലയിലെ പരിക്ക് കണ്ടെത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഫോറൻസിക് സർജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും സംഭവ സ്ഥലത്തെത്തി പരിശോധകൾ നടത്തും.രാഹുലിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്.